വന്‍നാശം വിതച്ച ഇര്‍മയ്ക്കു പിന്നാലെ മരിയ ചുഴലിക്കാറ്റ് കരീബിയനിലേക്ക്. കാറ്റഗറി 5 കൊടുങ്കാറ്റായ മരിയ ഡൊമിനിക്കയില്‍ ആഞ്ഞടിച്ചു. കനത്ത നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടായതെന്നാണ് വിവരം. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറായാണ് മരിയ രൂപംകൊണ്ടത്. മുന്‍ ബ്രിട്ടീഷ് കോളനിയായ ഡൊമിനിക്കയില്‍ 72,000ത്തില്‍ പരം ആളുകള്‍ താമസിക്കുന്നുണ്ട്.
57 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് വീശിയതെന്നാണ് വിവരം. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് വീണ്ടും ശക്തി പ്രാപിക്കുമെന്ന് അമേരിക്കയുടെ നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. ഡൊമിനിക്കയില്‍ നിന്ന് ലീവേര്‍ഡ് ദ്വീപുകളിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും പിന്നീട് വിര്‍ജിന്‍ ദ്വീപുകളിലേക്കുമായിരിക്കും മരിയ നീങ്ങുകയെന്നാണ് പ്രവചനം.
വന്‍ തിരമാലകള്‍ക്ക് കൊടുങ്കാറ്റ് കാരണമാകാമെന്ന് ഹറിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമീപ ദ്വീപുകളില്‍ പേമാരിക്കും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലുകളും വന്‍ പ്രളയവും ഇതിന്റെ ഫലമായി ഉണ്ടായേക്കാം. വിര്‍ജിന്‍ ദ്വീപുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കി. ഇര്‍മ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് വിര്‍ജിന്‍ ദ്വീപുകളില്‍ ഉണ്ടായത്.
Leave a Reply