അമിത വേഗത്തിൽ വന്ന കാറിടിച്ച് ദമ്പതികൾ മരിച്ചു. ഗ്രഹം ജെന്നിങ്‌സും, ഭാര്യ എമ്മയുമാണ് 100 കിലോമീറ്ററോളം വേഗത്തിൽ വന്ന കാർ ഇടിച്ചു കൊല്ലപ്പെട്ടത്. ഇരുവരും സഞ്ചരിച്ചിരുന്ന കാറിന് പുറകിലേക്ക് അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻതന്നെ കാറിന് തീ പിടിക്കുകയും ചെയ്തു.
ഡ്വെയ്ൻ ബ്രൗൺ എന്ന യുവാവാണ് കൊലപാതകത്തിന് ഇടയായ കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ ആറു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. രാത്രിയിൽ സിനിമ കണ്ടതിനുശേഷം തിരിച്ചുവരികയായിരുന്നു ദമ്പതികൾ ഇരുവരും. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു.എന്നാൽ ഇരുപത്തിയാറുകാരനായ ബ്രൗൺ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
നാല്പത്തിയൊമ്പതുകാരനായ ഗ്രഹാമിന് മുൻ വിവാഹത്തിൽ രണ്ട് പെൺകുട്ടികൾ ഉണ്ട്. അമ്പതുകാരിയായ എമ്മയുമായുള്ള വിവാഹത്തിൽ പത്തും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. തൻെറ അച്ഛൻെറയും രണ്ടാനമ്മയുടെയും മരണം കുടുംബത്തിൽ വലിയ വിള്ളലാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഗ്രഹാമിൻെറമൂത്തമകൾ ഇരുപത്തിരണ്ടുകാരിയായ സെലെസ്റ്റ രേഖപ്പെടുത്തി.
അപകടം കണ്ടുനിന്ന ദൃക്സാക്ഷികൾ ബ്രൗൺ അമിത വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്നു മൊഴിനൽകിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ പ്രകാരം ഏകദേശം 103 കിലോമീറ്ററോളം സ്പീഡിൽ ആണ് അപകടസമയത്ത് ബ്രൗൺ വണ്ടി ഓടിച്ചിരുന്നതെന്നാണ്. അദ്ദേഹം അമിത തോതിൽ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മനപ്പൂർവമായ നരഹത്യയ്ക്ക് ആണ് ബ്രൗണിനെതിരെ കേസെടുത്തിരിക്കുന്നത്.
ബ്രൗൺ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. തന്റെ ശിക്ഷയ്ക്ക് ഇളവ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. നാലു വയസ്സുകാരനായ മകന്റെ അച്ഛനാണ് താനെന്നും, ഇതുവരെയുള്ള ഡ്രൈവിംഗ് റെക്കോർഡിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. പ്രതിയുടെ വാദമുഖങ്ങളെ പാടെ തള്ളി കളഞ്ഞ കോടതി ശിക്ഷ വിധിയ്ക്കുകയായിരിന്നു .
Leave a Reply