ഇൻഷുറൻസ് തുക തട്ടാൻ ഭാര്യയെ ക്വട്ടേഷൻ ടീമിനെക്കൊണ്ട് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. രാജസ്ഥാന്‍ ജയ്പുര്‍ സ്വദേശിയായ ശാലു ദേവി(32) ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ശാലുദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷ് സിങ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാര്‍, സോനു സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭര്‍ത്താവ് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ദമ്പതിമാര്‍ തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ലാതിരുന്നിട്ടും മഹേഷ് ഭാര്യയുടെ പേരില്‍ വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസിയെടുത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാടകക്കൊലയാളിയെ ഉപയോഗിച്ച് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്. 2017 മുതൽ ദമ്പതികൾ തമ്മിൽ കലഹമായിരുന്നു. 2019ൽ ഭർത്താവിനെതിരെ സ്ത്രീധനപീഡനത്തിന് ശാലുദേവി പരാതി നൽകിയിട്ടുണ്ട്. ഈ അടുത്താണ് മഹേഷ് വീണ്ടും ഭാര്യയുമായി അടുത്തത്.

ഇയാൾ തന്നെയാണ് ഭാര്യയേയും ബന്ധുവിനെയും ക്ഷേത്രത്തിലേക്ക് അയച്ചത്. ഒക്ടോബര്‍ അഞ്ചാം തീയതി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ശാലുദേവിയും ബന്ധുവായ രാജുവും കാറിടിച്ച് മരിച്ചത്. ആദ്യം സാധാരണ അപകടമാണെന്ന് കരുതിയെങ്കിലും സിസിടിവി പരിശോധിച്ചപ്പോഴാണ് ആസൂത്രിത കൊലപാതകമാണെന്ന് സംശയം തോന്നുന്നത്. തുടർന്ന് നടത്തിയ അന്വേഷണം എത്തിയത് മഹേഷിലേക്കാണ്.

വാടകക്കൊലയാളിയും ഗുണ്ടാനേതാവുമായ മുകേഷ് സിങ് റാത്തോഡിന് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊലപാതകം നടത്തിയത്. ഇതില്‍ അഞ്ചരലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. ഒക്ടോബര്‍ അഞ്ചാം തീയതി ഭാര്യയും ബന്ധുവും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ വിവരങ്ങളടക്കം കൈമാറിയത് മഹേഷ് തന്നെയായിരുന്നു. തുടര്‍ന്നാണ് മുകേഷും സംഘവും രണ്ടുപേരെയും കാറിടിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.