കുടുംബവഴക്കിനിടെ ഭാര്യയെ ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൂമംകുളം കളത്തിൽ പ്രസാദിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) ആണ് മരിച്ചത്. കഴിഞ്ഞ 18നു രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വിനിഷയുടെ ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു വഴക്കിട്ടത്. തുടർന്ന് ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളുകയും വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനിഷയ്ക്ക് പരിക്കേറ്റെന്ന വിവരം അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിനിഷ മരിച്ചിരുന്നു. മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. 3 കുട്ടികൾ ഉണ്ട്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ സി അലവി, എസ്‌ഐ ഉമ്മർ മേമന, എഎസ്‌ഐ ഷാഹുൽ ഹമീദ്, സിആർ ബോസ്, സിപിഒമാരായ ജയരാജ്, സുബൈർ, ഹരിലാൽ, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Leave a Reply