പത്തനംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പുല്ലാട് സ്വദേശിനി ശ്യാമ എന്ന ശാരിമോൾ (35) ആണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഒളിവിൽപ്പോയ പ്രതി അജിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സംശയത്തെത്തുടർന്നാണ് യുവതിയെ അജി കൊലപ്പെടുത്തിയതെന്നാണ് സൂചന. ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ശ്യാമയും അജിയും മക്കളും ശ്യാമയുടെ പിതാവുമായിരുന്നു ആലുംന്തറയിലെ വീട്ടിൽ താമസിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇന്നലെ വഴക്കിനൊടുവിൽ ഇയാൾ യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ശശിയേയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു രാധാമണി താമസിച്ചിരുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ രാധാമണിയേയും പ്രതി ആക്രമിക്കുകയായിരുന്നു.

ആക്രമണം നടത്തിയ ശേഷം അജി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. പുലർച്ചെയോടെയാണ് ശ്യാമ മരിച്ചത്. ശശിക്ക് നെഞ്ചിലാണ് കുത്തേറ്റത്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. കവിയൂർ ആണ് അജിയുടെ വീട്. കുറച്ചുകാലമായി ശ്യാമയുടെ വീട്ടിലായിരുന്നു താമസം. ഇയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. മുമ്പ് പൊലീസ് ഇടപെട്ട് കൗൺസലിംഗിന് വിധേയനാക്കിയിരുന്നു. ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണ്.