മലപ്പുറം ∙ കാളികാവിലെ ഗൃഹനാഥന്റെ ദുരൂഹമരണം ഒന്നര വർഷത്തിനുശേഷം കൊലപാതകമെന്നു തെളിഞ്ഞു. മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലി(50)യെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉമ്മുൽ ഷാഹിറയെ(42)യും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോനെ(37)യും മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരെയും തമിഴ്നാട്ടിൽനിന്നാണു പിടികൂടിയത്. തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴി നൽകി.

2018 സെപ്റ്റംബര്‍ 21നാണ് മുഹമ്മദാലി കൊല്ലപ്പെടുന്നത്. അന്നുരാത്രി അയല്‍വാസി ജെയ്‌മോനൊപ്പം ഇയാള്‍ വീടിന്റെ ടെറസില്‍വച്ചു മദ്യപിച്ചിരുന്നു. ഇടയ്ക്ക് മദ്യത്തിനു പകരം ഗ്ലാസില്‍ വിഷം ഒഴിച്ചു നല്‍കിയെന്നാണ് ജെയ്‌മോന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലില്‍ കിടത്തി. ഇതിനുശേഷമാണ് ജെയ്‌മോന്‍ പോയത്.

പിറ്റേന്നു പുലര്‍ച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച്‌ ഷാഹിറ മുഹമ്മദാലിയുടെ മരണവിവരം അറിയിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഭാര്യ ഷാഹിറ ബന്ധുക്കളോട് പറഞ്ഞത്.  എന്നാല്‍, മരണം കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞപ്പോള്‍ ഉമ്മുല്‍ ഷാഹിറയെയും മക്കളെയും കാണാതായതോടെയാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് മുഹമ്മദാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു.

രഹസ്യവിവരത്തെത്തുടർന്നു തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും 2 മക്കളെയും കണ്ടെത്തിയിരുന്നു. അന്നു കടന്നുകളഞ്ഞ ജെയ്മോനെ ഇന്നലെ ഡിണ്ടിഗലിൽ വച്ചു പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഉമ്മുൽ ഷാഹിറയെ റിമാൻഡ് ചെയ്തു. മക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.