കുടുംബവഴക്കിനിടെ യുവതി തലയ്ക്കടിയേറ്റു മരിച്ചു. കാഞ്ഞിരത്തിങ്കല്‍ കൊറത്തിക്കുണ്ട് കോളനിയിലെ അരുണ്‍ എന്ന അനില്‍കുമാറിന്റെ ഭാര്യ സുമിത(23)യാണു മരിച്ചത്. സംഭവത്തിൽ അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ അനില്‍കുമാര്‍ സുമിതയുമായി വഴക്കുണ്ടാക്കിയിരുന്നു. അടുത്ത ബന്ധുവായ മറ്റൊരു യുവാവുമായി സുമിതയ്ക്കു ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു വാക്കേറ്റം. ഇതിനിടയില്‍ സുമിതയെ മര്‍ദിക്കുകയും മുറിക്കകത്തിട്ട് പൂട്ടുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വീണ്ടും വാക്കേറ്റം മൂര്‍ച്ഛിക്കുകയും അനില്‍കുമാര്‍ സുമിതയെ വിറകുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇയാള്‍തന്നെയാണ് മുറി തുറന്ന് പുറത്തിറങ്ങി കുടുംബാംഗങ്ങളെ വിവരമറിയിച്ചത്. സുമിതയുടെ അമ്മ ജാനകിയും അനിൽകുമാറിന്റെ വല്യമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ സുമിതയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാസര്‍ഗോഡ് ആര്‍ഡിഒ അതുല്‍ എസ്. നാഥിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബേക്കല്‍ ഡിവൈഎസ്പി സി.കെ. സുനില്‍ കുമാര്‍, ബേഡകം സിഐ ടി. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കുണ്ടംകുഴി വാവടുക്കത്തെ കുമാരന്റെയും ജാനകിയുടെയും മകളായ സുമിതയും അനില്‍കുമാറും നാലുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായതായിരുന്നു. രണ്ടുവയസുള്ള അതുല്‍ദേവ് ഏക മകനാണ്.
Leave a Reply