വൈപ്പിനിൽ ഒന്നര വർഷം മുൻപ് കാണാതായ രമ്യ എന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് വ്യക്തമായതോടെ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതിയുടെ സഹോദരൻ. രമ്യ എവിടെപ്പോയി എന്നതിൽ ഉൾപ്പെടെ ഭർത്താവ് സജീവൻ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി സഹോദരൻ വെളിപ്പെടുത്തി. സജീവൻ പഠിപ്പിച്ചതാണ് കുട്ടികളും പറഞ്ഞത്. മക്കളും സജീവനും പറഞ്ഞതിലെ പൊരുത്തക്കേടാണ് സംശയമുണ്ടാക്കിയത്. രമ്യയെ കാണാതായി ആറു മാസം കഴിഞ്ഞാണ് പരാതി നൽകിയതെന്നും സഹോദരൻ വെളിപ്പെടുത്തി.

‘കുട്ടികൾ വീട്ടിൽ വരുന്ന സമയത്തൊക്കെ അമ്മ എവിടെ എന്ന് ഞാൻ അന്വേഷിച്ചിരുന്നു. അമ്മ വിളിക്കാറില്ലേയെന്നും പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലേയെന്നും അവരോട് ചോദിച്ചിരുന്നു. മൂത്ത കുട്ടിയുടെ അഡ്മിഷന്റെ സമയമായിരുന്നു അത്. ആ സമയത്തു പോലും വിളിച്ചില്ലെന്ന് പറഞ്ഞപ്പോൾത്തന്നെ എനിക്ക് സംശയം തോന്നിയിരുന്നു. ഒൻപതു വയസ്സുള്ള ഇളയ കുട്ടിയേപ്പോലും ആദ്യമേ എല്ലാം പറഞ്ഞു പഠിപ്പിച്ചുവച്ചിരുന്നു. അതുകൊണ്ട് സംശയം തോന്നാലുള്ള സാധ്യത കുറവായിരുന്നു. പിന്നീട് ഇരുവരോടും വെവ്വേറെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പൊരുത്തക്കേടു തോന്നിയത്. അപ്പോഴേയ്ക്കും മാസങ്ങൾ പിന്നിട്ടിരുന്നു’ – രമ്യയുടെ സഹോദരൻ പറഞ്ഞു.

രമ്യ ബെംഗളൂരുവിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാനായി പോയെന്ന വിശദീകരണവും സജീവൻ നൽകിയിരുന്നു. പിന്നീട് മറ്റൊരാൾക്കൊപ്പം പോയെന്നും പറഞ്ഞുണ്ടാക്കി. സജീവന് രമ്യയെ സംശയമായിരുന്നുവെന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ദിവസം രമ്യയ്ക്കു വന്ന ഒരു ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സജീവൻ കയറുപയോഗിച്ച് രമ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് മക്കൾ വീട്ടിലുണ്ടായിരുന്നില്ല. പകലാണ് കൊലപാതകം നടത്തിയത്. അന്നു രാത്രി മൃതദേഹം വീടിനോടു ചേർന്ന് മറവു ചെയ്തു. തുടർന്ന് രമ്യയുടെ തിരോധാനത്തെക്കുറിച്ച് മക്കളെ ഉൾപ്പെടെ കള്ളക്കഥ മെനഞ്ഞുണ്ടാക്കി വിശ്വസിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നര വർഷം മുൻപു കാണാനില്ലെന്നു പരാതി നൽകിയ ഭാര്യയെ താൻ കൊന്നു കുഴിച്ചു മൂടിയതാണെന്നു ഭർത്താവിന്റെ കുറ്റസമ്മതം. എറണാകുളം എടവനക്കാടാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകം. വാചാക്കൽ സജീവന്റെ ഭാര്യ രമ്യയെയാണ് (32) ഭർത്താവു തന്നെ കൊന്നു വീടിനു സമീപം കുഴിച്ചു മൂടിയത്. വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി.

ഇയാൾ തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവൻ പരാതി നൽകിയിരുന്നു. എന്നാൽ, ‌മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കേസന്വേഷണത്തിൽ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു സമ്മതിച്ചത്.

ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകം എന്നു നടന്നു എന്നതു സംബന്ധിച്ചു പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം, കൊലപാതകം സംബന്ധിച്ചു നാട്ടുകാർക്കു പോലും കാര്യമായ സംശയം ഉണ്ടായിരുന്നില്ല എന്നാണ് അയൽവാസികൾ പറയുന്നത്. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും പറയുന്നു.