ആത്മഹത്യയാണെന്നു കരുതിയ യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് അറസ്റ്റിലായി. നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസിൽ അശ്വതിയുടെ മരണമാണ്ഒമ്പത് വർഷത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നേമത്തെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോൾ 23 വയസായിരുന്നു അശ്വതിയക്ക് പ്രായം. ലോക്കൽ പോലീസ് അന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. കുടുംബകലഹമാണ് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ, അശ്വതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
പഴയ അസ്വാഭാവിക മരണങ്ങളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുന്നതിനിടെയാണ് അശ്വതിയുടെ മരണം സംബന്ധിച്ച റിപ്പോർട്ടിൽ ചില സംശയങ്ങളുദിച്ചത്. ഭർത്താവ് രതീഷിന്റെ കൈയിലുണ്ടായിരുന്ന ഒരു പൊള്ളലിന്റെ പാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കച്ചിത്തുരുമ്പായത്. കത്തിക്കരിഞ്ഞ അശ്വതിയുടെ ശരീരത്തിൽ പിടിച്ചതിലൂടെയാണ് പൊള്ളലേറ്റതെന്നാണ് രതീഷ് പറഞ്ഞത്. എന്നാൽ, ഇതു വിശ്വസിക്കാൻ പോലീസ് തയ്യാറായില്ല. അങ്ങനെയെങ്കിൽ കൈയുടെ അകം ഭാഗത്തേ പൊള്ളലുണ്ടാകൂവെന്നും പുറംഭാഗത്ത് പൊള്ളലുണ്ടാകില്ലെന്നും പോലീസ് വിലയിരുത്തി. തുടർന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകളിലേക്കു നീങ്ങുകയായിരുന്നു.
അശ്വതിയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരെ കണ്ട് അന്വേഷണസംഘം വീണ്ടും വിവരങ്ങൾ ശേഖരിച്ചു. സംഭവം എങ്ങനെയാണ് നടന്നതെന്ന് പുനഃസൃഷ്ടിച്ചാൽ മാത്രമേ പൊള്ളലേറ്റത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാകൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഇതേത്തുടർന്ന് ഇതിനായി ഡോക്ടർമാരുടെ ഒരു സംഘത്തെ നിയോഗിക്കുകയും അവർ സംഭവം പുനഃസൃഷ്ടിച്ച് പരിശോധനകൾ നടത്തുകയും ചെയ്തു. അശ്വതിയുടെ മരണം ആത്മഹത്യയല്ലെന്നും മറ്റൊരാൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്നും ഡോക്ടർമാരുടെ വിലയിരുത്തലുണ്ടായി.
അശ്വതിയും രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിൽ മറ്റാരും വന്നിട്ടില്ലെന്നും അന്വേഷണസംഘം മനസ്സിലാക്കി. ഇതിനിടെ രതീഷിന് നുണപരിശോധന നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനു സമ്മതിച്ചിരുന്നില്ല.
കൂടുതൽ ചോദ്യംചെയ്യലിൽ അശ്വതിയുടെ ദേഹത്ത് താൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് രതീഷിനെ അറസ്റ്റുചെയ്തത്. പൂഴിക്കുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന രതീഷും അശ്വതിയും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രതീഷ് അശ്വതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലും സംഘവുമാണ് കേസ് അന്വേഷിച്ചത്.
Leave a Reply