ലീഡ്‌സില്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച ആന്‍ മഗൂറി എന്ന അധ്യാപികയുടെ ഭര്‍ത്താവ് കേസില്‍ അധികൃതര്‍ സ്വീകരിച്ച സമീപനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. 66കാരനായ ഡോണ്‍ ആണ് സംഭവം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ടിട്ടും കൊലപാതകത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും തനിക്ക് നല്‍കിയില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളില്‍ എന്താണ് സംഭവിച്ചതെന്നും കുറ്റവാളിയായ വിദ്യാര്‍ത്ഥിയുടെ സാഹചര്യങ്ങള്‍ എന്തായിരുന്നുവെന്നത് സംബന്ധിച്ചും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ഡോണ്‍ കുറ്റപ്പെടുത്തുന്നത്.
ലീഡ്‌സിലെ കോര്‍പസ് ക്രിസ്റ്റി സ്‌കൂളില്‍ വെച്ചാണ് ആന്‍ മഗൂറി കൊല്ലപ്പെടുന്നത്. അന്ന് 15 വയസുണ്ടായിരുന്ന വില്‍ കോര്‍ണിക്ക് എന്ന വിദ്യാര്‍ത്ഥിയായിരുന്നു പ്രതി. അധ്യാപികയുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. കോര്‍ണിക്കിന് വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു മാനസികരോഗമുണ്ടായിരുന്നുവെന്നാണ് സൈക്യാട്രിസ്റ്റുകള്‍ പറയുന്നത്. 20 വര്‍ഷമെങ്കിലും ഇയാളെ തടവിലിടണമെന്നാണ് അവര്‍ നല്‍കിയ ശുപാര്‍ശ. എന്നാല്‍ സംഭവത്തില്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഡോണ്‍ ആരോപിക്കുന്നത്. ജോലി ചെയ്തതിന് ഒരു അധ്യാപിക കൊല്ലപ്പെട്ടതില്‍ സ്‌കൂള്‍, കൗണ്‍സില്‍, പോലീസ്, സര്‍ക്കാര്‍ എന്നിവര്‍ വീഴ്ച വരുത്തിയെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
കൊലയാളിക്ക് തങ്ങളേക്കാള്‍ പരിഗണന ലഭിച്ചു. മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന ഒരു കുട്ടിയെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്‌കൂളിലെത്താന്‍ എങ്ങനെ അനുവദിച്ചു എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആരും തയ്യാറായില്ല. ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റുകള്‍ നിഷേധിക്കപ്പെട്ടു. വിഷയത്തില്‍ ഒരു ഘട്ടത്തിലും സുതാര്യതയുണ്ടായില്ലെന്നും ഡോണ്‍ പറയുന്നു. തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിശബ്ദതയുടെ ഒരു മതിലാണ് തനിക്കു മുന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply