ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിരുദാനന്തര ബിരുദം നേടുന്നതിനായി യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനിയെ വിശന്നുവലഞ്ഞ് തെരുവിലൂടെ അലയുന്ന നിലയിൽ കണ്ടെത്തി. ഷിക്കാഗോ നഗരത്തിലെ തെരുവിലാണ് ദാരുണമായ അവസ്ഥയില്‍ ഹൈദരാബാദ് സ്വദേശിനിയായ 37കാരിയെ കണ്ടെത്തിയത്. മിഷിഗണിലെ ഡെട്രോയിറ്റില്‍ സ്ഥിതി ചെയ്യുന്ന ട്രൈന്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫൊര്‍മേഷന്‍ സയന്‍സ് വിദ്യാര്‍ഥിയായ സയേദ ലുലു മിന്‍ഹജ് സെയ്ദി ആണ് പ്രതിസന്ധികളുടെ നടുവിൽ ഒറ്റപ്പെട്ടു കഴിയുന്നത്.
വിഷാദരോഗമാണ് യുവതിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മകളെ ഇന്ത്യയിലേക്ക് എത്രയും വേഗം തിരികെയെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സയേദയുടെ അമ്മ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്ത് നല്‍കിയിട്ടുണ്ട്.
2021 ഓഗസ്റ്റിലാണ് സയേദ യുഎസിലേക്ക് പറന്നത്. എന്നാല്‍, രണ്ട് മാസം മുമ്പ് ഹൈദരാബാദിലുള്ള കുടുംബത്തിന് സയേദയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഹൈദരാബാദില്‍ നിന്നുള്ള രണ്ട് സന്നദ്ധ പ്രവര്‍ത്തകരാണ് സയേദയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കുടുംബാംഗങ്ങളെ ധരിപ്പിച്ചത്. തുടര്‍ന്ന് സയേദയുടെ അമ്മ വിദേശകാര്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. മകള്‍ കടുത്ത വിഷാദരോഗത്തോട് മല്ലിടുകയാണെന്നും അവളുടെ സാധനസാമഗ്രഹികളെല്ലാം മോഷ്ടിക്കപ്പെട്ടുവെന്നും അത് അവളെ പട്ടിണിയുടെ വക്കിലെത്തിച്ചുവെന്നും അമ്മ പറയുന്നു.
Leave a Reply