ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് രൂപമാറ്റം വരുത്താനായി നടത്തിയ സംഭവത്തില്‍ മട്ടണ്‍സൂപ്പ് വില്ലനായി. നാഗര്‍കര്‍ണൂലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന സ്വാതിയാണ് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന് രൂപമാറ്റം വരുത്തി ഭര്‍ത്താവിന്റെ മുഖസാദൃശ്യമാക്കി മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് പാളിയത്.
ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കൊലപ്പെടുത്താനും സ്വത്ത് കൈക്കലാക്കാനുമായിരുന്നു പദ്ധതി. കാമുകനായ രാജേഷിനൊപ്പം ചേര്‍ന്ന് സ്വാതിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. മൂന്ന് വര്‍ഷം മുമ്പാണ് സ്വാതി സുധാകര്‍ റെഡ്ഡിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. അനസ്‌തേഷ്യ നല്‍കി അബോധാവസ്ഥയിലാക്കി തലക്കടിച്ച് കൊന്ന ശേഷം സ്വാതിയും കാമുകന്‍ രാജേഷും ചേര്‍ന്ന് സുധാകര്‍ റെഡ്ഡിയെ വനത്തില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.
പിന്നീടാണ് രാജേഷിന്റെ മുഖത്ത് ആസിഡൊഴിച്ച് മുഖം വികൃതമാക്കിയത്. സുധാകറിന് പരിക്കേറ്റ് മുഖം വികൃതമായതാണെന്ന് സ്വാതി ബന്ധുക്കളെ അറിയിച്ചു. രാജേഷിന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകര്‍ റെഡ്ഡിയുടെ രൂപമാക്കി മാറ്റാനായിരുന്നു ഇവരുടെ പദ്ധതി.
നവംബര്‍ 27നാണ് കൊലപാതകം നടന്നത്. കുറേ നാള്‍ സംഭവം ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും മറച്ചുപിടിക്കുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാജേഷ്, സുധാകര്‍ റെഡ്ഡിയാണ് അഭിനയിച്ച് തകര്‍ക്കവെയാണ് വില്ലനായി മട്ടണ്‍ സൂപ്പെത്തിയത്. പൊളളലേറ്റവര്‍ക്ക് ആശുപത്രിയില്‍ സ്ഥിരമായി നല്‍കിവരുന്ന മട്ടന്‍സൂപ്പ് കഴിക്കാന്‍ രാജേഷ് തയാറായില്ല. താന്‍ മാംസാഹാരങ്ങള്‍ കഴിക്കില്ലെന്ന് ആശുപത്രി ജീവനക്കാരോട് രാജേഷ് പറഞ്ഞത് സുധാകറിന്റെ കുടുംബാംഗങ്ങളെ അദ്ഭുതപ്പെടുത്തി. സുധാകര്‍ റെഡ്ഡി മാംസാഹാരിയായിരുന്നു.
പിന്നീടാണ് സുധാകറുമായി സാമ്യമില്ലാത്ത രാജേഷിന്റെ പെരുമാറ്റ രീതികള്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കുന്നത്. കുടുംബാംഗങ്ങള്‍ ചില ബന്ധുക്കളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരശേഷി നഷ്ടപ്പെട്ടതായി രാജേഷ് അഭിനയിച്ചു. ഇതോടെ ബന്ധുക്കളുടെ സംശയം ബലപ്പെടുകയും അവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്ത പൊലീസിനോട് സ്വാതി കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞു. ഞായറാഴ്ചയാണ് സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2014ല്‍ ഇറങ്ങിയ തെലുങ്കു സിനിമയായിരുന്നു കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു സ്വാതിയുടെ മൊഴി.
Leave a Reply