ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒരു മെട്രോപൊളിറ്റൻ പോലീസ് ഓഫീസർ തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി യുവതി. 2010 ൽ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയാകുമ്പോൾ തനിക്ക് 16 വയസായിരുന്നുവെന്ന് ലോറൻ ടെയ്‌ലർ പറഞ്ഞു. അയാൾ തനിക്ക് 22 വയസ്സുണ്ടെന്ന് പറയുകയും സിനിമയ്ക്ക് കൊണ്ടുപോകാൻ ക്ഷണിക്കുകയുമായിരുന്നു. എന്നാൽ ലണ്ടനിലെ റോംഫോർഡിലെ ഒരു പാർക്കിൽ നടക്കാൻ കൊണ്ടുപോകുകയും തുടർന്ന് ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി ലോറനെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സഫോക്കിലെ ന്യൂമാർക്കറ്റിൽ നിന്നുള്ള 44കാരനായ മുൻ മെറ്റ് ഓഫീസർ, ലോറനെതിരെയുള്ള രണ്ട് ബലാത്സംഗ കേസുകൾക്കും 2003 നും 2005 നും ഇടയിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്ത കേസിനും ഉൾപ്പെടെ 16 വർഷം തടവുശിക്ഷ അനുഭവിച്ചു.
ബലാത്സംഗത്തിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് പ്രൊവൻ പെരുമാറിയതെന്നും ഒരു മിൽക്ക് ഷേക്ക് വാങ്ങി നൽകുകയും പിന്നീട് വീണ്ടും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ലോറൻ പറഞ്ഞു. കുറ്റകൃത്യം പോലീസിൽ അറിയിക്കാൻ ആറ് വർഷമെടുത്തു. 2019-ൽ അദ്ദേഹത്തെ മെട്രോപൊളിറ്റൻ പോലീസിൽ നിന്ന് പുറത്താക്കി. എന്നാൽ പിന്നീട് അപ്പീലിൽ അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കപ്പെട്ടു.
ഇപ്പോൾ 29 വയസുള്ള ലോറന്റെ വെളിപ്പെടുത്തൽ ഒരുപാട് പേർക്ക് ഊർജം പകരുന്നതാണ്. ദുരനുഭവങ്ങൾ നേരിട്ടവരെ മുന്നോട്ട് വരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ കഥ പങ്കിടാൻ ആഗ്രഹിക്കുന്നതായി അവൾ പറഞ്ഞു. ബലാത്സംഗവും തെളിവ് നൽകുന്നതിന്റെ ആഘാതവും കാരണം തന്റെ ബന്ധങ്ങൾ തകർന്നതായും ഇപ്പോഴും ഭൂതകാലം തന്നെ വേട്ടയാടുന്നതായും അവൾ പറഞ്ഞു. എന്നാൽ, സത്യത്തിലുള്ള വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ച ഒരേയൊരു കാര്യമെന്ന് ലോറൻ കൂട്ടിച്ചേർത്തു.
Leave a Reply