ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് നവ്‍ജ്യോത് സിങ് സിദ്ദു. ജനങ്ങള്‍ ദേശീയത പഠിക്കേണ്ടത് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവായിരുന്നു സിദ്ദു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും പഞ്ചാബില്‍ മന്ത്രിസഭയില്‍ ഇടംനേടുകയും ചെയ്തു. റായ്ബറേലിയിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ദു.
കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് സാമ്പത്തികമായ വികസനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണത്തെയും സിദ്ദു തള്ളി. രാജ്യത്തിന് ആവശ്യമായ സൂചി മുതൽ വിമാനം വരെയുള്ള കാര്യങ്ങൾ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം സോണിയ ഗാന്ധി വളരെ മികച്ച രീതിയിലാണ് കോണ്‍ഗ്രസിനെ നയിച്ചതെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
ബിജെപിയോട് അടുപ്പം പുലര്‍ത്തുന്നവര്‍ ദേശസ്നേഹികളായും, എതിരാളികളെ ദേശവിരുദ്ധരായും ആണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ ഇടപാടിലെ കളക്കളികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിലേക്ക് നയിക്കുമെന്നും സിദ്ദു വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കും എന്ന ഭയത്താല്‍ ആണ് വയനാട് മണ്ഡലത്തില്‍ നിന്ന് കൂടി ജനവിധി തേടുന്നത് എന്നായിരുന്നു ബിജെപി ആരോപിച്ചത്. ഹിന്ദുക്കളെ പേടിച്ച് വയനാട്ടിലേക്ക് ഒളിച്ചോടി എന്നാണ് രാഹുലിന്റെ രണ്ടാം മണ്ഡല കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പരിഹസിച്ചത്. അമേഠിയില്‍ രാഹുലിന് എതിരാളിയായി രണ്ടാം തവണയും എത്തുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെ ആണ്.
Leave a Reply