ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കൺസർവേറ്റീവ് നേതാവായി താൻ തുടർന്നിരുന്നുവെങ്കിൽ, റിഷി സുനക്കിനേക്കാൾ മികച്ച പ്രകടനം തനിക്കും, പാർട്ടിക്കും ജനറൽ ഇലക്ഷനിൽ കാഴ്ചവയ്ക്കുവാൻ സാധിക്കുമായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലിസ് ട്രസ്. 2022 ൽ പ്രധാനമന്ത്രി പദത്തിൽ എത്തിയശേഷം 45 ദിവസങ്ങൾക്ക് ശേഷം പദവി ഒഴിയുവാൻ ലിസ് ട്രസ് നിർബന്ധിതയായിരുന്നു. ട്രസിന്റെ കാലഘട്ടത്തിൽ അവതരിപ്പിച്ച മിനി – ബഡ്ജറ്റ് വിപണി തകർച്ചയ്ക്ക് കാരണമായതാണ് അവരുടെ രാജിയിലേക്ക് നയിച്ചത്. ജൂലൈയിൽ പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച സുനക്കിനേക്കാൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കുമായിരുന്നോ എന്ന് ചോദ്യത്തിന്, തികച്ചും സാധിക്കുമായിരുന്നു എന്ന ഉത്തരമാണ് ട്രസ് നൽകിയത്. ടോറി കോൺഫറൻസ് പരിപാടിയ്ക്കിടെ ആയിരുന്നു ട്രെസ്സിന്റെ ഈ പ്രതികരണം. എന്നാൽ വിജയിക്കുക എന്നത് ഒരു കഠിനമായ പ്രക്രിയായിരിക്കുമെന്നും, പാർട്ടി ബോറിസ് ജോൺസൻ നിലനിർത്തണമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. മിനി – ബഡ്ജറ്റ് വിജയിക്കുവാൻ അനുവദിച്ചിരുന്നെങ്കിൽ, വോട്ടർമാർ കൺസർവേറ്റീവ് പാർട്ടിയെ കൂടുതൽ പരിഗണിക്കുമായിരുന്നുവെന്നും, എന്നാൽ ടോറി എംപിമാരുടെ പിന്തുണയില്ലാതെ താൻ ആഗ്രഹിച്ച മാറ്റങ്ങൾ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടോറി നേതൃത്വത്തിനായി മത്സരിക്കുന്ന നാല് മത്സരാർത്ഥികളിൽ ആരെയും താൻ അംഗീകരിക്കില്ലെന്നും മുൻ പ്രധാനമന്ത്രി ട്രസ് പറഞ്ഞു. രാജ്യത്ത് മൊത്തത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ അവസ്ഥ തീർത്തും മോശമാണെന്ന സത്യം ഇവരാരും തന്നെ അംഗീകരിച്ചിട്ടില്ലെന്നും ട്രസ് കൂട്ടിച്ചേർത്തു. കൂടുതൽ വിപ്ലവാത്മകരമായ തീരുമാനങ്ങളാണ് ഇനി ഉണ്ടാകേണ്ടതെന്നും ട്രസ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. 2022 ലെ ബോണ്ട് മാർക്കറ്റ് പ്രതിസന്ധിക്ക് തന്റെ മിനി ബഡ്ജറ്റല്ല, മറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടാണ് ഉത്തരവാദിയെന്ന അവകാശവാദം അവർ വീണ്ടും ഉന്നയിച്ചു. ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി ഒഴിവാക്കുന്നത് വരെ കൺസർവേറ്റീവ് പാർട്ടിക്ക് വിജയിക്കാനാവുകയില്ലെന്നും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ വീഴ്ചകൾ തന്റെ മേൽ ആരോപിക്കാനാണ് ശ്രമിച്ചതെന്നും ട്രസ് ശക്തമായി വിമർശിച്ചു.