ഇഡാഹോ: അമേരിക്കയില്‍ കൊല്ലപ്പെട്ട ഒരു മൗണ്ടന്‍ ലയണിന്റെ തലയ്ക്ക് മുകളിലേക്കും തേറ്റപ്പല്ലുകള്‍ വളര്‍ന്നതായി കണ്ടെത്തി. വന്യജീവി വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഒരു സയാമീസ് ഇരട്ടയുടേതാകാം ഈ പല്ലുകള്‍ എന്നാണ് അധികൃതരുടെ നിഗമനം. ഇരട്ട ഗര്‍ഭത്തില്‍ വച്ച് തന്നെ ചത്ത് പോയിരിക്കാമെന്നും അധികൃതര്‍ അനുമാനിക്കുന്നു. പ്രത്യേകതരം ട്യൂമര്‍ ആയിരിക്കാം ഇതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇതിനെ ഒരു വേട്ടക്കാരന്‍ നിയമപരമായി വെടിവച്ച് കൊന്നത്. ഇഡാഹോയിലെ വെസ്റ്റണിലുളള ഒരു നായയെ ആക്രമിച്ചതോടെയാണ് ഇതിനെ വെടിവച്ചത്.
ആക്രമണത്തില്‍ നിന്ന് നായ രക്ഷപ്പെട്ടു. വനപാലകര്‍ മൗണ്ടന്‍ ലയണിനെ പരിശോധിച്ചപ്പോഴാണ് ഇതിന്റെ പ്രത്യേകതകള്‍ ശ്രദ്ധയില്‍ പെട്ടത്. തലയില്‍ കൊമ്പുമായി കാണപ്പെട്ട സിംഹത്തെ അപൂര്‍വ ജീവിയാണെന്ന മട്ടിലാണ് ആദ്യം ആളുകള്‍ കരുതിയത്. അമേരിക്കയില്‍ കണ്ടു വരുന്ന സിംഹവര്‍ഗത്തിലുള്ള ജീവിയാണ് മൗണ്ടന്‍ ലയണ്‍. ഇഡാഹോയില്‍ ഇതിനെ സര്‍വസാധാരണമായി കാണാം. മാന്‍, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. റക്കൂണ്‍, എലി തുടങ്ങിയ ചെറു സസ്തനികളെയും ഇത് ആഹാരമാക്കാറുണ്ട്.
ഇഡാഹോ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച് 50 മുതല്‍ 150 ചതുരശ്ര മൈല്‍ ചുറ്റളവിലാണ് ഇവ തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കുന്നത്. കാട്ടാടുകള്‍, എല്‍ക്ക്, മൂസ് തുടങ്ങിയ ജന്തുക്കളും ഇവയുടെ ഇഷ്ട ഭക്ഷണങ്ങളില്‍പ്പെടുന്നു. വളരെ അപൂര്‍വമായി മാത്രമാണ് ഇവ വളര്‍ത്തുമൃഗങ്ങളെ ശല്യം ചെയ്യാറുള്ളതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.