ന്യൂസ് ഡെസ്ക്

ഇടുക്കി ഡാമിലെ ജലനിരപ്പ് 2402 അടിയിലേക്ക് അടുക്കുന്നു. കനത്ത മഴയെത്തുടർന്നു കേരളത്തിലെ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് ഇടുക്കി ഡാമിലേക്ക് നിലവിൽ ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി.

ഇത് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഉയര്‍ന്ന് പാലത്തിന് മുകളിലൂടെ ശക്തിയായി ഒഴുകുകയാണ്. കരയോട് ചേര്‍ന്ന് മരങ്ങളും കാടുപടലങ്ങളും തൂത്തെറിഞ്ഞാണ് ജലത്തിന്റെ പ്രവാഹം. ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ചെറുതോണി-കട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്‍ഡില്‍ 300 ക്യുമെക്‌സ് വെള്ളം വീതം പുറത്തേക്കൊഴുക്കിയിരുന്നത് ഘട്ടം ഘട്ടമായി 400,500, 600 ക്യുമെക്‌സ് വീതമാക്കുമെന്ന് കളക് ടര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവില്‍ 2401.72 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ജലപ്രവാഹം ബാധിക്കുക. ഇതില്‍ വാഴത്തോപ്പില്‍ 36 ഉം കഞ്ഞിക്കുഴിയില്‍ 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും ആലോചനയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച  ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറന്നു. അഞ്ചു ഷട്ടറില്‍ മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്. നാല് മണിക്കൂറാണ് ട്രയല്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് കൂടികൊണ്ടിരുന്നതിനാല്‍ പുലര്‍ച്ചവരെ ഷട്ടര്‍ തുറന്നിടാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.