ജില്ലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലുകളിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ 11 പേർ മരിച്ചു. രണ്ടുപേരെ കാണാതായി. അടിമാലി എട്ടുമുറിയിലുണ്ടായ ഉരുൾപൊട്ടലിൽ ദേശീയപാതയോരത്തു താമസിച്ചിരുന്ന പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ(65), മകൻ മുജീബ് (38), മുജീബിന്റെ ഭാര്യ ഷെമീന (35), മുജീബിന്റെ മക്കളായ ദിയ (ഏഴ്), മിയ (അഞ്ച്), കൊന്നത്തടി കുരുശുകുത്തിയിൽ പൊന്തപ്പള്ളിൽ മാണിയുടെ ഭാര്യ തങ്കമ്മ(55), അടിമാലി കുരങ്ങാട്ടിയിൽ കുറുന്പനത്ത് മോഹനൻ (52), ഭാര്യ ശോഭന (50), മുരിക്കാശേരി രാജപുരം കരികുളത്തിൽ പരേതനായ കുമാരന്റെ ഭാര്യ മീനാക്ഷി (93), കീരിത്തോട് പെരിയാർവാലി കൂട്ടാക്കൽ ആഗസ്തി (70), ഭാര്യ ഏലിക്കുട്ടി (65) എന്നിവരാണ് മരിച്ചത്. കരികുളത്തിൽ മീനാക്ഷിയുടെ മക്കളായ ഉഷ (57), രാജൻ (55) എന്നിവരെയാണ് കാണാതായത്.
ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അടിമാലിയിൽ ഉരുൾപൊട്ടലുണ്ടായത്. അപകടത്തെത്തുടർന്ന് ഹസൻകുട്ടിയുടെ വീടു പൂർണമായി ഒലിച്ചുപോയി. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഹസൻകുട്ടിയും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. അപകട സമയത്തു വീടിനുള്ളിലുണ്ടായിരുന്ന ഹസൻ കുട്ടിയും മറ്റൊരു ബന്ധുവും അദ്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടിനു മുകൾഭാഗത്തുനിന്നു പൊട്ടിയിറങ്ങിയ ചെളിയും വെള്ളവും ഹസൻകുട്ടിയുടെ കുടുംബത്തെ ഒന്നാകെ കവർന്നെടുക്കുകയായിരുന്നു. ചെളിയും മണ്ണും വീടിന്റെ അവശിഷ്ടങ്ങളും ദേശീയപാതയിൽ വന്നടിഞ്ഞു. ഇവയ്ക്കിടയിൽനിന്നുമാണ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മണ്ണിനടിയിൽ കൊന്നത്തടി കുരുശുകുത്തിയിലുണ്ടായ ഉരുൾപൊട്ടലിൽ പൊന്തപ്പള്ളിൽ മാണിയും മകൻ ഷൈനും അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഉരുൾപൊട്ടിയതിനെത്തുടർന്ന് മാണിയുടെ വീടു പൂർണമായി തകർന്നു. അടിമാലി കുരങ്ങാട്ടിയിൽ കുറുന്പനത്ത് മോഹനൻ, ഭാര്യ ശോഭന എന്നിവർ താമസിച്ചിരുന്ന വീടിനുമുകളിലേക്ക് മണ്തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവസമയത്ത് വീടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിൽ വീടു പൂർണമായി തകർന്നു.
പെരിയാറിനു സമീപം താമസിച്ചിരുന്ന കൂട്ടാക്കൽ ആഗസ്തിയും ഭാര്യ ഏലിക്കുട്ടിയും ചെറുമകന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് കീരിത്തോട് പെരിയാർവാലിയിൽ ദേശീയപാതയ്ക്കരികിൽ ഹരിപ്പാട് രവീന്ദ്രന്റെ വീട്ടിൽ വാടകയ്ക്കു താമസമാരംഭിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ഇവിടെ ഉരുൾപൊട്ടിയത്. ഇവർ താമസിക്കുന്ന വീടിനു മുകളിലേക്ക് അഞ്ചംകുന്നേൽ വേലായുധന്റെ വീടിന്റെ തിണ്ണയോടുചേർന്നുള്ള ഭാഗത്താണ് ഉരുൾപൊട്ടിയത്. സമീപവാസിയായ സന്തോഷിന്റെ ആട്, പന്നി തുടങ്ങിയ വളർത്തു മൃഗങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
ആഗസ്തിയും ഭാര്യ ഏലിക്കുട്ടിയും ഉറങ്ങിക്കിടന്ന മുറിക്കു മുകളിലേക്കു മണ്ണും കല്ലും വെള്ളവും പതിക്കുകയായിരുന്നു. വീടിന്റെ ഒരുഭാഗം പൂർണമായും തകർന്നു. ഒടിഞ്ഞുതകർന്ന കട്ടിലിനടിയിലും സമീപത്തുമായാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ കൊച്ചുമകൻ വിപിന്റെ ഭാര്യ ജെസിയും ഒരു വയസുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ജെസി ഫോണ്വിളിച്ചു നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും കഞ്ഞിക്കുഴി പോലീസും ഇടുക്കി ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. തൊട്ടടുത്തുള്ള ബേബിയുടെ വീടും ഉരുൾപൊട്ടലിൽ തകർന്നു. അരകിലോമീറ്റർ വാത്തിക്കുടി പഞ്ചായത്തിൽ രാജപുരത്ത് കരികുളത്തിൽ മീനാക്ഷിയും മക്കളായ രാജനും ഉഷയും താമസിച്ചിരുന്ന വീട് ഉരുൾപൊട്ടലിൽ പൂർണമായുംഒലിച്ചുപോയി.
ഇന്നലെ വെളുപ്പിന് മൂന്നരയോടെയാണ് ഇവിടെ ഉരുൾപൊട്ടിയത്. വീടിനോടൊപ്പം ഒഴുകിപ്പോയ മീനാക്ഷിയുടെ മൃതദേഹം അരകിലോമീറ്ററോളം താഴെ മരക്കഷണത്തിൽ ഉടക്കിക്കിടന്നു. രാവിലെ ഒന്പതിനാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കാലും വയറിന്റെ ഒരു ഭാഗവും മുറിഞ്ഞ നിലയിലായിരുന്നു. ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്ന രാജനും ഉഷയ്ക്കുംവേണ്ടി തെരച്ചിൽ ആരംഭിച്ചു. തോട്ടിൽ വെള്ളം ഉയർന്നത് രക്ഷാപ്രവർത്തനത്തിനു തടസമായി. പെരിയാറിലേക്കാണ് തോട്ടിൽനിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത്.
ഇന്നലെ രാവിലെ അഞ്ചേകാലോടെയാണ് കന്പളികണ്ടം പന്തപ്ലാക്കൽ തങ്കമ്മയുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. ഉരുൾപൊട്ടലിൽ വീട് ഒഴുകിപ്പോയി. അരക്കിലോമീറ്ററോളം ദൂരെനിന്നാണ് തങ്കമ്മയുടെ മൃതദേഹം ലഭിച്ചത്. ഭർത്താവ് മാണിയും മകൻ ഷൈനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലാർ കന്പിലൈൻ താഴത്തേക്കുടിയിൽ കുടുംബാംഗമാണ് തങ്കമ്മ. മോഹനൻ, ഭാര്യ ശോഭന എന്നിവരുടെ സംസ്കാരം ഇന്നു വീട്ടുവളപ്പിൽ നടക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. കെ. കൃഷ്ണമൂർത്തി/ബിജു കലയത്തിനാൽ
Leave a Reply