ഇടുക്കിയെ നടുക്കി രാത്രിയിൽ വീണ്ടും പേമാരി; പുലർച്ചെ ഉരുൾപൊട്ടൽ. അഞ്ചു വയസ്സുള്ള കുഞ്ഞും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേരും മരിച്ചു. തൊടുപുഴയിൽ നിന്ന് 15 കിലോമീറ്ററകലെ കുടയത്തൂരിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണു ദുരന്തം. സംഗമം കവലയ്ക്കു സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), ഭാര്യ ഷിജി (50), സോമന്റെ മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (5) എന്നിവരാണു മരിച്ചത്.
ഏഴു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മണ്ണിനടിയിൽ നിന്ന് 5 മൃതദേഹങ്ങളും പുറത്തെടുത്തു. വീടിരുന്ന സ്ഥലത്തുനിന്ന് 2 കിലോമീറ്റർ മുകളിൽ മോർക്കാട്- പന്തപ്ലാവ് റോഡിനു താഴ്ഭാഗത്താണ് ഉരുൾപൊട്ടിയത്. ഒലിച്ചുവന്ന കൂറ്റൻ പാറകളിലും ചെളിയിലും വീട് പൂർണമായും മൂടിപ്പോയി. ഉറങ്ങിക്കിടന്ന കുടുംബം ഒന്നാകെ അപകടത്തിൽപെട്ടു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ അയൽവാസികൾ കണ്ടത് സോമന്റെ വീടിന്റെ സ്ഥാനത്ത് കല്ലും മണ്ണും ചെളിയും മാത്രമാണ്.
പുലർച്ചെ 3.50നു കാഞ്ഞാർ പൊലീസും മൂലമറ്റത്തു നിന്നുള്ള അഗ്നിശമന സേനയുമെത്തി തിരച്ചിൽ തുടങ്ങി. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇന്നലെത്തന്നെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി സംസ്‌കാരം നടത്തി. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു സോമൻ. ഭാര്യ ഷിജി എടാട് ഗവ. എൽ.പി സ്കൂളിൽ പാർട്ട് ടൈം സ്വീപ്പറാണ്. ഷിമ കാഞ്ഞാറിലെ സ്വകാര്യ ലാബ് ജീവനക്കാരിയാണ്. ദേവാക്ഷിദ് ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
അഞ്ചു വയസ്സുകാരൻ ദേവാക്ഷിദിനെ ആംബുലൻസിൽനിന്നു പുറത്തിറക്കി കിടത്തിയപ്പോൾ അച്ഛൻ സുനിൽ മകനു നൽകിയ അന്ത്യചുംബനം കണ്ടുനിന്നവർക്കു കരച്ചിലടക്കാനായില്ല. അണപൊട്ടിയ തേങ്ങലുകൾക്കിടെ, കുടയത്തൂർ ദുരന്തത്തിൽ പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ വൈകിട്ട് 5ന് ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.
ആംബുലൻസുകൾ ഓരോന്നായി എത്തിയപ്പോൾ കാത്തുനിന്നവർക്കു നിയന്ത്രണംവിട്ടു. ഒരു നോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി നാടിന്റെ നാനാ ഭാഗത്തുനിന്നായി ഒട്ടേറെ ആളുകളാണ് എത്തിയിരുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
Leave a Reply