തൊടുപുഴ വണ്ണപ്പുറത്ത് കൊമ്പന്‍ മീശയും കുടവയറും ചിരിയുമായി ഇത്തവണ ഓണത്തിന് കൃഷ്ണനില്ല. ദുരൂഹതകൾ ബാക്കിയാക്കി നാലുപേര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ നാട്ടുകാര്‍ക്ക് നഷ്ടമായത് തങ്ങളുടെ സ്വന്തം മാവേലിയെ. കൃഷ്ണന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മാവേലി വേഷത്തിലൂടെ പ്രശസ്തനായത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലം മാവേലിയായി വേഷമിട്ടതു പിന്നീട് ഓരോവര്‍ഷവും തുടരുകയായിരുന്നു. ഇതിന് ഏറെ പ്രോത്സാഹനം നല്‍കിയത് വണ്ണപ്പുറത്തെ വ്യാപാരികളാണ്. പലയിടത്തുനിന്നും ചെറിയ തുക പ്രോത്സാഹനമെന്നോണം കൃഷ്ണനു ലഭിക്കുകയും ചെയ്തിരുന്നു. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇനി മാവേലിവേഷമണിയാന്‍ കൃഷ്ണലില്ലെന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

കൊലപാതകം ആസൂത്രിതമെന്നു പോലീസ്. കൊല്ലപ്പെട്ട കൃഷ്ണനും ഭാര്യ സുശീലയും ദൃഢഗാത്രരായിരുന്നതിനാല്‍ കൊല നടത്തിയത് ഒന്നിലേറെപ്പേര്‍ ചേര്‍ന്നെന്നു സംശയം. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് മാരകമായി ആക്രമിച്ചശേഷം. ചുറ്റികകൊണ്ട് നാലുപേരുടേയും തലയ്ക്ക് അടിയേറ്റിട്ടുണ്ട്. അര്‍ജുന് ശരീരത്തില്‍ വെട്ടിനു പുറമേ കത്തികൊണ്ട് കുത്തേറ്റിട്ടുണ്ട്. ആര്‍ഷയുടെ മുഖത്തിന്റെ ഇടതുവശം അടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. കൃഷ്ണനും സുശീലയ്ക്കും തലയ്ക്ക് നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. ദൃഢ ഗാത്രനായ കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് അതിനാല്‍ത്തന്നെ ആസൂത്രിതമാണെന്നാണു കണക്കുകൂട്ടല്‍.

മുന്‍ െവെരാഗ്യമോ മോഷണമോ ആകാം കൊലയിലേക്കു നയിച്ചതെന്നു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യം വ്യക്തമാകൂ. കൊലപാതകം 48 മണിക്കൂര്‍ മുമ്പാണു നടന്നതെന്നാണു പോലീസിന്റെ നിഗമനം. കൊലയ്ക്കുപയോഗിച്ച ചുറ്റികയുടെ കൈ പുതുതായി വെട്ടിയ കാപ്പിക്കമ്പുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ ഇതു കൈയില്‍ കരുതിയിരുന്നതാകാമെന്നും പോലീസ് സംശയിക്കുന്നു. കൊലയ്ക്കു ശേഷം സോപ്പുപയോഗിച്ച് വീടിനു സമീപത്തെ ടാങ്കില്‍ കൈ കഴുകിയിട്ടുണ്ട്. ടാങ്കില്‍ സോപ്പുകലര്‍ന്നിരുന്നു. വീടിനു മുന്‍വശത്തെ തറയിലും ഭിത്തിയിലുമുള്ള രക്തക്കറയും കഴുകിക്കളഞ്ഞിരുന്നു. സംഭവസ്ഥലത്ത് തെളിവായി ശേഷിച്ചത് ചുറ്റികയും കത്തിയും മാത്രമാണ്.

ലൈംഗികാതിക്രമം ഉണ്ടായില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. സുശീലയും മകളും ധാരാളം ആഭരണം അണിയുന്ന കൂട്ടത്തിലായിരുന്നു. ഈ ആഭരണങ്ങള്‍ ഒന്നും വീട്ടിലില്ല. ഇതാണ് മോഷണസാധ്യത സംശയിക്കാന്‍ കാരണം. കൃഷ്ണന്റെ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളോ മുന്‍ വൈരാഗ്യമോ ആണോ കൊലയിലേക്കു നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വട്ടിപ്പലിശക്കാരുടെ ഇടപെലും സംശയിക്കപ്പെടുന്നു. കുടുംബം സാമ്പത്തികമായി പിന്നാക്കമായിരുന്നില്ലെന്നും സ്വര്‍ണാഭരണങ്ങളും മറ്റും ധാരാളമായി വാങ്ങിക്കൂട്ടിയിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു.

ആഭിചാരക്രിയയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഉണ്ടായ മുന്‍െവെരാഗ്യം മൂലം ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തതാണോ എന്നും സംശയിക്കുന്നു. കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. കൃഷ്ണന്‍ കൈയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു. മല്‍പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. കുടുംബത്തിലെ നാലംഗങ്ങളുടെ അരുംകൊല പുറംലോകത്തെ ആദ്യമറിയിച്ച അയല്‍വാസിയായ പുത്തന്‍പുരയ്ക്കല്‍ ശശിക്ക് കൂട്ടമരണവാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ദിവസവും തങ്ങളുടെ വീട്ടില്‍ നിന്നു പാല്‍ വാങ്ങുന്ന കൃഷ്ണന്റെ കുടുംബത്തിനുണ്ടായ ദുര്‍ഗതി ശശിക്കു ഞെട്ടലായി. രണ്ടു ദിവസമായി പാല്‍ വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്നും ഇത്ര ഭീകരമായ രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശശി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൃഷ്ണനും കുടുംബവും എവിടെക്കെങ്കിലും പോകുമ്പോള്‍ പാല്‍ വേണ്ട എന്ന് നേരത്തേ പറയുകയാണ് പതിവ്. റോഡില്‍നിന്നു 100 മീറ്ററോളം മാറി റബര്‍തോട്ടത്തില്‍ ഒറ്റപ്പെട്ട വീടായിരുന്നു ഇവരുടേത്. വീട്ടിലേക്കെത്താന്‍ നടപ്പുവഴി മാത്രമാണുള്ളത്. ഇടുങ്ങിയ വഴിലൂടെ വീട്ടിലെത്തിയ ശശി വീട്ടുകാരെ വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. തുടര്‍ന്ന് കമ്പകക്കാനത്ത് താമസിക്കുന്ന കൃഷ്ണന്റെ സഹോദരങ്ങളായ യജ്‌ഞേശന്‍, വിജയന്‍ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു.

ഇവര്‍ വാതില്‍ തുറക്കുമ്പോള്‍ മുറിയില്‍ ഇരുട്ടായിരുന്നു. വെളിയില്‍നിന്ന നാട്ടുകാരാണ് െവെദ്യുതി വിച്‌ഛേദിച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറി നോക്കുമ്പോള്‍ രക്തം തളംകെട്ടി കിടക്കുകയായിരുന്നു. രക്തം കഴുകിക്കളയാന്‍ ശ്രമിച്ചതായും കാണാന്‍ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ അടുക്കള വഴി ഇറങ്ങി നോക്കുമ്പോഴാണ് ആട്ടിന്‍കൂടിന് താഴെ മണ്ണ് മാറ്റിയിരിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട് പരിശോധിക്കാന്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു. മൃതദേഹം കിടന്ന കുഴിക്ക് രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന്‍ അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കൃഷ്ണന്റെ മകള്‍ ആര്‍ഷ പാല്‍ വാങ്ങാന്‍ വീട്ടില്‍ എത്തിയിരുന്നതായി ശശി പറഞ്ഞു. തിങ്കളാഴ്ച ആരും പാല്‍ വാങ്ങാന്‍ എത്താത്തതിരുന്നപ്പോള്‍ എന്തെങ്കിലും ആവശ്യത്തിന് പോയതാകും എന്നാണ് വിചാരിച്ചത്. രണ്ടു ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്നും ശശി പറഞ്ഞു. രാവിലെ മുതല്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കാണാനില്ലെന്ന് പ്രചരിച്ചിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടക്കുന്നതിനിടെയാണ് മണ്ണ് മാറിക്കിടക്കുന്നതും പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതും. കൊലപാതകം അറിഞ്ഞതുമുതല്‍ നൂറുകണക്കിന് ആളുകളാണ് രാവിലെ മുതല്‍ ഇവിടേക്ക് ഒഴുകിയെത്തിയത്.