ഒരാഴ്ച മുൻപ് കാണാതായ ശാന്തൻപാറ പുത്തടി മുല്ലൂർ വീട്ടിൽ റിജോഷ്(31)ന്റെ മൃതദേഹം സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ട സംഭവത്തിന്റെ ഞെട്ടലിലാണ് റിജോഷിന്റെ ബന്ധുക്കളും നാട്ടുകാരും. റിജോഷിന്റെ മരണത്തോടെ അനാഥരായ ഇവരുടെ മക്കൾ 10 വയസ്സുള്ള ജോയലും 8 വയസ്സുള്ള ജോഫിറ്റയും നാടിന്റെ ദുഃഖമായി. ഇളയ മകൾ രണ്ട് വയസ്സ് ഉള്ള ജൊവാനയെയും കൊണ്ടാണ് ലിജിയും കാമുകൻ വസീമും ഒളിവിൽ പോയത്.
ഭാര്യയും കാമുകൻ വസീമും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരു വർഷം മുൻപ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 4 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം(32) എത്തുന്നത്.
വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന. വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി. 12 വർഷം മുൻപ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തവരാണ്.
പ്രതികളിലേക്കു എത്തിയത് ഭാര്യയുടെ കള്ളമൊഴി
റിജോഷിനെ കാണാതായതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിജോഷിന്റെ ഭാര്യ ലിജി മൊഴി നൽകി. ഏതാനും ദിവസം മുൻപ് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്റെ ഫോണിലേക്ക് വിളിച്ചിരുന്നു എന്ന ലിജിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇൗ ഫോൺ നമ്പറുകളുടെ ഉടമകളെ കണ്ടെത്തിയത് കേസിൽ നിർണായകമായി. കേസ് വഴി തിരിച്ചു വിടാൻ ഫാം ഹൗസ് മാനേജർ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയവരാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു. ഇവർ പൊലീസിന്റെ കസ്റ്റഡിയിലാണെന്നറിഞ്ഞതോടെയാണ് പ്രതി വസിമിന്റെ വീഡിയോ സന്ദേശമെത്തിയത്.
പൊലീസ് അന്വേഷണം ഉൗർജ്ജിതമായതോടെ വസീം ലിജിയെയും മകളെയും കൂട്ടി നാടു വിട്ടു എന്നാണ് വിവരം. മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയി.
ഫാമിലെ ഒരു പശു കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണ് കൂടി ഇടണം എന്നും സമീപവാസിയായ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു. ഈ മാസം 2 ന് മണ്ണുമാന്തി ഉപയോഗിച്ച് ഭാഗികമായി മൂടിയ കുഴി മണ്ണ് ഇട്ട് നികത്തുകയും ചെയ്തു. മണ്ണു മാന്തി യന്ത്രം ഓപ്പറേറ്ററുടെ മൊഴി അനുസരിച്ച് ആണ് പൊലീസ് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിൽ മണ്ണ് മാറ്റി പരിശോധന നടത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Leave a Reply