കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞു കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച കാണാതായ, പേഴുംകണ്ടം വട്ടമുകളേൽ അനുമോളുടെ(27) മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവ് വിജേഷിനെ കാണാനില്ല. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അധ്യാപികയായ അനുമോൾ 17ന് സ്കൂളിൽ എത്തിയിരുന്നു. സ്കൂളിന്റെ വാർഷികാഘോഷ ഒരുക്കം പൂർത്തിയാക്കി വൈകിട്ടാണു മടങ്ങിയത്.

എന്നാൽ 18ന് അനുമോൾ സ്കൂളിൽ എത്തിയില്ല. അനുമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കടയിലുള്ള ജോൺ-ഫിലോമിന ദമ്പതികളെ വിജേഷ് ഫോണിൽ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് ഇവർ പേഴുംകണ്ടത്തെ വീട്ടിൽ എത്തിയെങ്കിലും കിടപ്പുമുറിയിലേക്കു കയറ്റാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. മാതാപിതാക്കൾ കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെത്തി മകളെ കാണാതായതു സംബന്ധിച്ചു പരാതി നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനുമോളുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. മകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം അനുമോളുടെ ഫോണിലേക്ക് വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും കോൾ കട്ടായി. അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും ഇന്നലെ വൈകിട്ട് ആറോടെ കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിലെത്തിയെങ്കിലും വീടു പൂട്ടിയ നിലയിലായിരുന്നു.

തള്ളിത്തുറന്ന് അകത്തു കടന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന കമ്പിളിപ്പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്കു വന്നതോടെ ഇവർ നിലവിളിച്ചു പുറത്തേക്ക് ഓടി. നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌ മോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇന്നു ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്കു ശേഷമേ മൃതദേഹം വീട്ടിൽ നിന്നു മാറ്റൂ.