റോയ് മാത്യു
ആറാമത് ഇടുക്കി ജില്ലാ സംഗമം ഇടുക്കിയുടെ എംപി ജോയ്സ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം യുകെയുടെ നാനാ ഭാഗത്ത് നിന്നും എത്തിയ വന്‍ ജനാവലിയുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച് ബെല്‍ഫാസ്റ്റ്, അബര്‍ഡീന്‍, വെയില്‍സ്, ലണ്ടന്‍, പോര്‍ട്ട്സ്മോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇടുക്കി ജില്ല എന്ന വികാരം ഉള്‍കൊണ്ട് വൂള്‍വര്‍ഹാംപ്ടണില്‍ എത്തിച്ചേര്‍ന്നു. രാവിലെ കൃത്യം ഒന്‍പത് മണിയോടുകൂടി രജിസ്്രേടഷന് തുടക്കമായി. അതിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് തുടക്കമായി. പതിനൊന്ന് മണിയോടുകൂടി ജോയിസ് ജോര്‍ജ് എംപി എത്തിച്ചേര്‍ന്നു. ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു പൂച്ചെണ്ട് നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു.
ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് ഭാരവാഹികള്‍ ജോയ്സ് ജോര്‍ജിനെ സംഗമവേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലിയോണ റോയി, റയിന റോയി എന്നിവരുടെ പ്രാര്‍ത്ഥന ഗാനത്തോടെ സംഗമം തുടങ്ങി. മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ ഏബ്രഹാം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി എംപി ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ റോയി മാത്യു അദ്ധ്യക്ഷപ്രസംഗം നടത്തി.
സംഗമം രക്ഷാധികാരി ഫാ.റോയി കോട്ടക്കുപുറം, സി.ബീനാ ചാക്കോ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ക്കുവേണ്ടി ജോര്‍ജ് തോമസ് സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാഞ്ചസ്റ്ററില്‍ നിന്നുള്ള വിന്‍സി വിനോദിന്റെ അവതരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ബര്‍മിംഹാം കലാഭവന്‍ നൈസിന്റെ വെല്‍ക്കം ടാന്‍സോടു കൂടി കലാപരിപാടികള്‍ തുടങ്ങി. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന കുട്ടികളുടെയും, മുതിര്‍ന്നവരുടെയും നിരവധി പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.
യുകെയിലെ പ്രശസ്ത കേറ്ററിംഗ് സ്ഥാപനമായ ചിന്നാസ് നോട്ടിംഹ്ഹാംമിന്റെ സ്വാദിഷ്ടമായ ഭക്ഷണം ഏവരും ആവോളം ആസ്വദിച്ചു. കൂടാതെ കുട്ടികളുടെ സ്പഷ്യല്‍ മെനുവും ഉണ്ടായിരുന്നു. അതിനു ശേഷം പൊതുയോഗം കൂടി മുന്‍ കണ്‍വീനറെയും കമ്മറ്റിക്കാരെയും അനുമോദിച്ചു. അതോടൊപ്പം പുതിയ കണ്‍വീനര്‍ പീറ്റര്‍ താനോലിയയും 14 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് പതിനഞ്ചുകിലോയോളം തൂക്കം വരുന്ന ഞാലിപ്പൂവന്‍ പഴക്കുലയും, ഒരു ലിറ്റര്‍ നാടന്‍ ചെറുതേനും, വിലപിടിപ്പുള്ള മറ്റ് വിഭവങ്ങളുമായി വാശിയേറിയ ലേലം നടന്നു. റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് സമ്മാനദാനം എംപി നിര്‍വഹിച്ചു. ഇടുക്കി ജില്ലയില്‍ നിന്നും ഇവിടെ വന്ന് വിവിധ കലാപരിപാടികളിലൂടെ കഴിവുകള്‍ തെളിയിച്ച ലിയ, ലിന്റ എന്നിവര്‍ക്ക് എംപി പുരസ്‌കാരങ്ങള്‍ നല്കി.
ക്യാന്‍സര്‍ റിസേര്‍ച്ച് യുകെയുമായി സഹകരിച്ച് 50ല്‍ കുടുതല്‍ ഉപയോഗയോഗ്യമായ തുണികള്‍ നിറച്ച ബാഗുകള്‍ അന്നേ ദിവസം സ്വീകരിച്ചു.അത് ജോയ്സ് ജോര്‍ജ് മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ ഏബ്രഹാമിന് കൈമാറി. അതു വഴി 1530 പൗണ്ട് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെക്ക് ഫണ്ട് കണ്ടെത്തുവാന്‍ സാധിച്ചു.
ഏഷ്യാനെറ്റിന്റെ പോഗ്രാമായ യൂറോപ്പ് ജേര്‍ണലിന്റെ ടോക്ക് ഷോ നടന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, ഇടുക്കി ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും സംവാദം നടന്നു. സംഗമം അംഗങ്ങളുടെ സംശയങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും എം പി ജോയിസ് ജോര്‍ജ് മറുപടി പറഞ്ഞു. ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരോവര്‍ഷവും വളര്‍ന്നു കൊണ്ടിരിക്കുകയാണന്നും, അതോടൊപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുകെയിലും നാട്ടിലും ഉള്ള മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഇടുക്കിയുടെ എംപി എന്ന നിലയില്‍ വളരെ അഭിമാനം ഉണ്ട് എന്ന് എം.പി പറഞ്ഞു.
അനുദിനം വളര്‍ന്നുകെണ്ടിരിക്കുന്ന ഇടുക്കി ജില്ലാ സംഗമം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും എംപി ആശംസിച്ചു. അതിനു ശേഷം ജോയിന്റ് കണ്‍വീനര്‍ ഷിബു വാലുമ്മേല്‍ കൃതജ്ഞത രേഖപ്പെടുത്തി. അടുത്ത വര്‍ഷം കൂടുതല്‍ ആവേശേത്തോടെ സംഗമത്തില്‍ എത്തിചേരാം എന്ന പ്രതീക്ഷയോടു കൂടി എല്ലാവരും സ്വഭവനങ്ങളിലേക്ക് തിരിച്ചു.
Leave a Reply