ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

തിരുവനന്തപുരം : ഇനിയുള്ള എട്ട് ദിനങ്ങൾ പത്മനാഭന്റെ മണ്ണ് ഒരു ലോകമായി പരിണമിക്കും. കേരളത്തിന് ലോകസിനിമയുടെ വാതിൽ തുറക്കുന്ന രാജ്യാന്തര ചലച്ചിത്രമേള ഇന്ന് മുതൽ. ഡിസംബർ ആറുമുതൽ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളിൽ വച്ച് നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 24മത് ചലച്ചിത്ര മേളയാണ് ഇക്കുറി തിരുവനന്തപുരത്ത് അരങ്ങേറുന്നത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ പഴയകാലനടി ശാരദയെയും ആദരിക്കും. തുടർന്ന് നിശാഗന്ധിയിൽ ടർക്കിഷ്, ജർമൻ, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെർഹത് കരാസ്ലാൻ സംവിധാനം ചെയ്ത ‘പാസ്ഡ് ബൈ സെൻസർ’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോർ തിയേറ്ററിലാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്നവർക്കും പ്രത്യേക സുരക്ഷാസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം ഇത്തവണത്തെ മേളയുടെ ഏറ്റവും പ്രധാന സവിശേഷതയാണ്.
14 വേദികളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ പ്രദർശിപ്പിക്കുന്നത്. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന്, ലോക സിനിമ, ഹോമേജ് തുടങ്ങി 15 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലികെട്ടും’ കൃഷൻന്ദ് ആർ കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരവും’ ആണുള്ളത്. കാൽനൂറ്റാണ്ടായി മലയാളിയുടെ ചലച്ചിത്രാസ്വാദനശീലങ്ങൾക്ക് വ്യാകരണം ചമയ്ക്കുന്ന ഈ മേളയിലെ വിശേഷങ്ങൾ നിങ്ങളിലെത്തിക്കാൻ മലയാളം യുകെയും തയ്യാറായിക്കഴിഞ്ഞു. ഇനി ചലച്ചിത്രോത്സവത്തിലേക്ക്…