ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികൾക്ക് അഭിമാനമായി അങ്കമാലിക്കാരനായ ഇഗ്‌നേഷ്യസ് വർഗീസ്. കൗൺസിൽ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും എതിരില്ലാതെ കൗൺസിലറായിരിക്കുകയാണ് ഈ യുകെ മലയാളി. കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയാണ്. 2006ൽ യുകെയിലെ ന്യൂകാസിലിൽ എത്തിയ ഇഗ്‌നേഷ്യസ് വർഗീസ് റോയൽ മെയിലിൽ ആണ് ജോലി ചെയ്യുന്നത്. 2014ൽ ലേബർ പാർട്ടി അംഗമായ ഇഗ്‌നേഷ്യസ് വർഗീസ് 2017ലാണ് ന്യൂകാസിലിന് സമീപമുള്ള പ്രൂഡോ ടൗൺ കൗൺസിലിലേയ്ക്ക് കാസിൽ ഫീൽഡ് വാർഡിൽ നിന്നും നോമിനേഷൻ നൽകുന്നത്. സ്വന്തം വീട് നിൽക്കുന്ന വാർഡിലെ പോസ്റ്റ്‌മാൻ കൂടിയായത് ഓരോ വീടുകളുമായുള്ള ഇഗ്‌നേഷ്യസിൻെറ ബന്ധം ശക്തമാക്കാൻ സഹായിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന രണ്ട് ഇലക്ഷനിലും ഇഗ്‌നേഷ്യസ് വർഗീസ് തൻെറ വിജയം തുടർന്നു.

2014ൽ റോയൽ മെയിലിലെ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയന്റെ യൂണിറ്റ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇഗ്‌നേഷ്യസിൻെറ ലേബർ പാർട്ടി അംഗത്വത്തിലേക്ക് വഴി തുറക്കാൻ കാരണമായത്. മലയാളികൾ അധികമില്ലാത്ത കാസിൽ ഫീൽഡ് വാർഡിൽ തദ്ദേശീയരുമായുള്ള വ്യക്തിബന്ധങ്ങളും ഇഗ്‌നേഷ്യസ് വർഗീസിനെ എതിരില്ലാതെ വിജയിക്കാൻ സഹായിച്ചു.15 കൗൺസിലർമാർ ഉള്ള കൗൺസിലിൽ ലേബർ പാർട്ടിയാണ് ഇത്തവണയും ഭരണം നിയന്ത്രിക്കുക. ലേബർ പാർട്ടി 8, കൺസർവേറ്റീവ് പാർട്ടി 7 എന്നിങ്ങനെയാണ് കക്ഷി നില.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടിൽ അഭിഭാഷകനും പൊതു പ്രവർത്തകനുമായി പ്രവർത്തിച്ചിരുന്ന ഇഗ്‌നേഷ്യസ് വർഗീസിന്, യുകെയിലെ പൊതുപ്രവർത്തനത്തിന് കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. എൻഎച്ച്എസിൽ സ്പെഷലിസ്റ്റ് നേഴ്സായി ജോലി ചെയ്യുന്ന ഷിജി ഇഗ്‌നേഷ്യസ് ആണ് ഭാര്യ. നോയല്ല, നിയ എന്നിവരാണ് മക്കൾ. ലേബർ പാർട്ടി പ്രവർത്തനങ്ങൾക്ക് പുറമെ യുകെയിലെ യാക്കോബായ സുറിയാനി സഭയുടെ പ്രവർത്തനങ്ങളിലും ഇഗ്‌നേഷ്യസ് വർഗീസ് സജീവമാണ്. സഭയുടെ യുകെ ഭദ്രാസന ട്രഷററായി രണ്ട് വർഷക്കാലം പ്രവർത്തിച്ചിരുന്നു.