ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത ജീവനക്കാർക്കെതിരെ യുകെ വ്യാപകമായി നടത്തിയ നടപടികൾക്ക് പിന്നാലെ ജനുവരിയിൽ നൂറുകണക്കിന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. നെയിൽ ബാറുകൾ, കാർ വാഷുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയുൾപ്പെടെ 828 സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ടീമുകൾ റെയ്ഡ് നടത്തുകയും 609 അറസ്റ്റുകൾ നടത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് കണക്കുകളിൽ 73 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്നതിൻെറ യാഥാർത്ഥ്യങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായാണ് അറസ്റ്റുകളുടെ വിവരം പുറത്ത് വിട്ടതെന്ന് ആഭ്യന്തര ഓഫീസ് മന്ത്രി ഡാം ആഞ്ചെല ഈഗിൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെഷയറിലെ വെയ്പ്പ് ഷോപ്പുകളും സൗത്ത് ലണ്ടനിലെ പലചരക്ക് വെയർഹൗസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഇന്ന് എംപിമാർ സർക്കാരിൻ്റെ ഇമിഗ്രേഷൻ ബിൽ ചർച്ച ചെയ്യും. അറസ്റ്റിലായവർ ചാനൽ ക്രോസിംഗുകളും ഓവർ സ്റ്റേ വിസകളും ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ യുകെയിലേക്ക് കടന്നവരാണ്. നിയമവിരുദ്ധ കുടിയേറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രശ്‌നത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുകയേയുള്ളൂ എന്ന അഭിപ്രായവും ലേബർ പാർട്ടിയിലെ ചിലരിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്.

അതേസമയം ചില ഇടതുപക്ഷ എംപിമാർ ജനങ്ങൾക്ക് യുകെയിലേക്ക് വരുന്നതിനും കുടിയേറ്റത്തിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും സർക്കാർ കൂടുതൽ സുരക്ഷിതവും നിയമപരവുമായ മാർഗങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ലേബർ സർക്കാർ ജൂലൈയിൽ ആരംഭിച്ചത് മുതൽ ജനുവരി 31 വരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാരുടെ 5,424 സന്ദർശനങ്ങളിൽ 3,930 അറസ്റ്റുകൾ നടന്നതായി ഹോം ഓഫീസ് അറിയിച്ചു. മൊത്തം 1,090 സിവിൽ പെനാൽറ്റി നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ റിഫോം യുകെ നേതാവ് നിഗൽ ഫാരേജ്, രാജ്യത്ത് പ്രവേശിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണവുമായി ഇത് താരതമ്യം ചെയ്യുമ്പോൾ പുതിയ കണക്കുകൾ വളരെ കുറവാണെന്ന് അഭിപ്രായപ്പെട്ടു. ജനുവരിയിലെ 31 ദിവസങ്ങളിലായി 1098 പേരാണ് ചെറുവള്ളങ്ങളിൽ അനധികൃതമായി യുകെയിലെത്തിയത്.