ഏഴ് വർഷത്തിന് ശേഷം രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഏറെ വൈകാരികവും നാടകീയവുമായ രംഗങ്ങളായിരുന്നു കോടതി മുറിയിൽ അരങ്ങേറിയത്. വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുൻപായി പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവന് വേണ്ടി യാചിച്ചു. “എന്റെ മകനോട് ക്ഷമിക്കണം. അവന്റെ ജീവൻ തിരിച്ചു തരണം,” അവർ പറഞ്ഞു.

ആ അമ്മയുടെ കണ്ണുനീര് കണ്ട് നിർഭയ എന്ന വിളിക്കപ്പെടുന്ന പെൺകുട്ടിയുടെ അമ്മയും തേങ്ങി. ഒടുവിൽ മറുപടി ഇങ്ങനെ “എനിക്കും ഒരു മകളുണ്ടായിരുന്നു. അവൾക്ക് സംഭവിച്ചത് ഞാൻ എങ്ങനെ മറക്കും. ഏഴ് വർഷമായി ഞാൻ നീതിക്കായി കാത്തിരിക്കുകയായിരുന്നു,” ആ അമ്മ പറഞ്ഞു.

തുടർന്ന് കോടതിമുറിയിൽ മൗനം പാലിക്കാൻ ജഡ്ജി ഉത്തരവിട്ടു. മകള്‍ക്കു നീതി ലഭിച്ചുവെന്നാണു മരണ വാറന്റ് പുറപ്പെടുവിച്ചതിനോട് യുവതിയുടെ അമ്മ പ്രതികരിച്ചത്. നിയമത്തില്‍ സ്ത്രീകള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പാക്കുന്നതാണു വിധിയെന്നും അവര്‍ പ്രതികരിച്ചു.

പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ്മ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവർ വിധി കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. നാല് പേരും നാല് പ്രത്യേക സെല്ലുകളിലായിരിക്കുമെന്നും ഒരോരുത്തരേയും ഓരോ കുടുംബാംഗങ്ങളെ കാണാൻ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുമാണ് അറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.

ദ്വാരകയിൽനിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്തുനിന്ന ഇവർക്ക് ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുടെ സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.

പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറ് പേരും ചേർന്ന് ബലാത്സംഗം ചെയ്തത്. അർധനഗ്നരായി രക്തത്തിൽ മുങ്ങിയ നിലയിൽ ബസിൽനിന്ന് ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

ഇരുവരെയും രാത്രി പതിനൊന്നോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിം പ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്തായ യുവാവ് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.