ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ വർഷത്തേതിൽ നിന്ന് അതിശക്തമായ ഉഷ്ണതരംഗം യൂറോപ്യൻ രാജ്യങ്ങളിൽ പിടിമുറുക്കുമെന്ന് മുന്നറിയിപ്പ്. തെക്കൻ യൂറോപ്പിന്റെ ഭൂരിഭാഗവും കടുത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ്. ഗ്രീസിൽ താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. രാജ്യത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അക്രോപോളിസ് അടച്ചിട്ടു. ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ അതിരൂക്ഷമായ സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) പറയുന്നു. തീവ്രതയേറിയ ‘സെർബെറസ് ‘ എന്ന ഉഷ്ണതരംഗത്തിന്റെ ഭീതിയിലാണ് തെക്കൻ യൂറോപ്പ്. ഇറ്റലിയിൽ ഒരാളുടെ ജീവൻ ഇതിനോടകം സെർബെറസ് കവർന്നു.
സഹാറാ മരുഭൂമിയിലെ അന്തരീക്ഷത്തിൽ രൂപപ്പെട്ട ഒരു ആന്റി സൈക്ലോൺ സിസ്റ്റം അല്ലെങ്കിൽ ഘടികാരദിശയിലുള വായുചലനമായ എതിർച്ചുഴലിയാണ് സെർബെറസ്. സഹാറാ മേഖലയിലെ ഉയർന്ന മർദ്ദമാണ് സെർബെറസിന് കാരണം. സെർബെറസ് വിതയ്ക്കുന്ന ശക്തമായ ചൂട് വരുംദിവസങ്ങളിൽ ഇറ്റാലിയൻ ദ്വീപുകളായ സാർഡീനിയ, സിസിലി എന്നിവിടങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച ഇറ്റലിയിലെ മിലാനിലാണ് മരണം രേഖപ്പെടുത്തിയത്. 44കാരനായ റോഡ് നിർമ്മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. 40 ഡിഗ്രി സെൽഷ്യസ് വരെ അന്ന് മിലാനിലെ താപനില എത്തിയിരുന്നു. ക്രൊയേഷ്യ, ഫ്രാൻസ്, ഗ്രീസ്, സ്പെയിൻ, തുർക്കി എന്നിവിടങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. 2021 ഓഗസ്റ്റിൽ സിസിലിയിൽ 48.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്.
റോം, ബൊലോന്യ, ഫ്ലോറൻസ് തുടങ്ങി 10 ഇറ്റാലിയൻ നഗരങ്ങൾ റെഡ് അലേർട്ടിലാണ്. അതേ സമയം, വടക്കേ ആഫ്രിക്കയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ട്യൂണീഷ്യയിൽ ഇതിനോടകം 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇന്നും നാളെയും തെക്കൻ സ്പെയിനിൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ഗ്രീസിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. ഫ്രാൻസിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എത്തിയേക്കും.
Leave a Reply