ജീവിത നിലവാരതോത് ഉയർന്നതോടുകൂടി യുകെയിലെ പ്രവാസികളായ മലയാളികളും പല വിദേശ രാജ്യങ്ങളും സന്ദർശിക്കുവാൻ താല്പര്യപ്പെടുന്നവരാണ്. ഇവരെയൊക്കെ ആശങ്കയിലാക്കുന്നതാണ് യുകെ പാസ്പോർട്ടിന്റെ മൂല്യത്തിലുണ്ടാകുന്ന തകർച്ച. ഇതുവരെയും ഏറ്റവും മൂല്യമുണ്ടായിരുന്ന പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനത്തായിരുന്നു യുകെയുടെയും അമേരിക്കയുടെയും പാസ്പോർട്ടുകൾ കണക്കാക്കപ്പെട്ടിരുന്നത്. ഇതുപയോഗിച്ചാണ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിച്ചിരുന്നത്. രാഷ്ട്രീയ സാമ്പത്തിക മേഖലകളിലുണ്ടായിരിക്കുന്ന മാറ്റം മറിച്ചിലുകൾ യുകെ പാസ്പോർട്ടിന് ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണമായി.

വീസയില്ലാതെ പാസ്പോര്‍ട്ട് മാത്രമോ വീസ ഓണ്‍ അറൈവല്‍ സൗകര്യമോ ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം നോക്കി റാങ്കിങ് നല്‍കുന്ന സൂചികയാണ് ഹെന്‍ലി ഇന്‍ഡക്സ്‌. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച്, അവരുടെ ആഗോള ഡാറ്റാബേസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി, 2006 മുതൽ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വീസ നിയന്ത്രണങ്ങൾ വിശകലനം ചെയ്താണ് ഇത് പുറത്തിറക്കുന്നത്

ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കരുത്തുറ്റതും മൂല്യമേറിയതുമായ പാസ്പോര്‍ട്ട്‌ എന്ന സ്ഥാനം ജപ്പാൻ നിലനിര്‍ത്തി. ഒപ്പം സിംഗപ്പൂരുമുണ്ട്. ഇരു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട്‌ മാത്രം ഉപയോഗിച്ച്, വീസയില്ലാതെ 190 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും. ലോകത്തെ ഏറ്റവും ട്രാവല്‍-ഫ്രണ്ട്‌ലി പാസ്പോര്‍ട്ടുകളായാണ് ഇവ അറിയപ്പെടുന്നത്.