ന്യൂസ് ഡെസ്ക് , മലയാളം യുകെ
വിദേശ എൻ എച്ച് എസ് ജീവനക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ പദ്ധതി . കൊറോണ മൂലം മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് രാജ്യത്ത് തുടരാം. കൊറോണ വൈറസ് മൂലം മരണപ്പെടുന്ന എൻ എച്ച് എസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതിയിൽ കൂടുതൽ തൊഴിൽ മേഖലകളെ ഉൾപ്പെടുത്തി. ക്ലീനർമാർ, പോർട്ടർമാർ, സോഷ്യൽ കെയർ സ്റ്റാഫ് എന്നിവരുൾപ്പെടെയുള്ള തൊഴിലാളികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് സർക്കാർ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇത്തരം ജോലിക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത്. കോവിഡ് മൂലം മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ബ്രിട്ടനിൽ അനിശ്ചിതകാലത്തേക്ക് തുടരാനുള്ള അവകാശം നൽകുന്നതാണ് ഈ പദ്ധതി. ഇതുമൂലം പി ആർ ഇല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ കോവിഡ് മൂലം മരണമടഞ്ഞാൽ അവരുടെ കുടുംബാംഗങ്ങളെ പിആർ നൽകി ആദരിക്കും
കൊറോണയോട് പോരാടി ജീവൻ വെടിയുന്ന എൻ എച്ച് എസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽതന്നെ ഈയൊരു പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. വളരെയേറെ ആളുകളെ ഉൾകൊള്ളുന്നതിനാൽ പദ്ധതി വിപുലീകരിക്കാൻ സാധിക്കില്ലെന്ന് പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മരണമടയുന്ന വിദേശ സ്റ്റാഫുകളുടെ കുടുംബാവസ്ഥ കണക്കിലെടുത്താണ് ആഭ്യന്തര സെക്രട്ടറി ഇപ്പോൾ ഈ പദ്ധതി നടപ്പിലാക്കുന്നത്.
വിദേശ സാമൂഹ്യ പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മറ്റ് മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഒരു വർഷത്തേക്ക് സൗജന്യ വിസ എക്സ്റ്റൻഷനുകൾ അനുവദിക്കുന്നതിനായി ഒരു പദ്ധതി രൂപീകരിക്കുകയാണെന്ന് കഴിഞ്ഞ മാസം സർക്കാർ അറിയിച്ചിരുന്നു. എൻഎച്ച്‌എസിലും സ്വതന്ത്ര മേഖലയിലും ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തുമെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. വിസ എക്സ്റ്റൻഷൻ സമയത്ത് യോഗ്യതയുള്ളവരെ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ നിന്നും ഒഴിവാക്കും. കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ നിന്ന് പോരാടുന്ന വിദേശ എൻ എച്ച് എസ് ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന സർക്കാർ നടപടി പ്രശംസനീയമാണ്.
Leave a Reply