ന്യൂസ് ഡെസ്ക്, മലയാളം യുകെ
എലിസബത്ത് രാജ്ഞി മുതൽ മാർലോൺ ബ്രാൻഡോ വരെയുള്ള പ്രശസ്തർക്ക് ആതിഥ്യമരുളിയ യുകെയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ റസ്റ്റോറൻറ് മിഷേലിൻ സ്റ്റാർ വീരസ്വാമി റസ്റ്റോറൻ്റ് അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന വാർത്ത മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. 1926 ഏപ്രിൽ മാസത്തിൽ എലിസബത്ത് രാജ്ഞിയുടെ ജന്മദിനത്തിൻ്റെ അന്ന് തുറന്നു പ്രവർത്തിച്ചപ്പോൾ മുതൽ ഇന്ത്യൻ വിഭവങ്ങളുടെ തനിമ ഇഷ്ടപ്പെടുന്നവരുടെ സങ്കേതമായിരുന്നു ഈ റസ്റ്റോറൻറ്. ഒരു വർഷം കൂടി കഴിഞ്ഞാൽ നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന സമയത്താണ് ഭക്ഷണ പ്രേമികളെ നിരാശരാക്കി കൊണ്ട് അടച്ചുപൂട്ടൽ വാർത്ത പുറത്തു വന്നത് . നിലവിലെ പ്രോപ്പർട്ടി ഡെവലപ്പറുമായുള്ള തർക്കമാണ് അടച്ചു പൂട്ടലിലേയ്ക്ക് നയിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ വീരസ്വാമി റസ്റ്റോറന്റിന് താഴു വീണാലും കേരള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നിരാശരാകേണ്ടി വരില്ലെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ദി ഹിന്ദു ദിനപത്രം. കപ്പയും മീൻകറിയും ഉൾപ്പെടെയുള്ള മലയാളികളുടെ ഇഷ്ട വിഭവങ്ങൾ ലഭിക്കുന്ന ലീഡ്‌സിലെ ഇന്ത്യൻ റസ്റ്റോറന്റായ തറവാടിനെ കുറിച്ചാണ് വാർത്ത. 2014 -ൽ സെപ്റ്റംബറിൽ റസ്റ്റോറൻറ് ആരംഭിച്ചതിന് രണ്ട് മാസങ്ങൾ കഴിയുമ്പോൾ തന്നെ തറവാട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അന്ന് തറവാടിന്റെ എതിർവശത്തുള്ള മാരിയറ്റ് ഹോട്ടലിൽ ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിച്ചിരുന്നത് . ദക്ഷിണേന്ത്യൻ പ്രഭാതഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിരുന്ന എം എസ് ധോണിക്കു വേണ്ടി ദോശമാവുമായി അവരുടെ ഹോട്ടലിൽ പോയി ഭക്ഷണം കൊടുത്ത കാര്യം പ്രകാശ് മെൻഡോങ്ക, അജിത് കുമാർ, രാജേഷ് നായർ, മനോഹരൻ ഗോപാൽ എന്നിവരോടൊപ്പം തറവാട് സ്ഥാപിച്ച സിബി ജോസ് അഭിമാനത്തോടെ പറഞ്ഞു. കാരണം മാരിയറ്റ് ഹോട്ടലിലെ പാക്കിസ്ഥാനി ഷെഫിന് ദക്ഷിണേന്ത്യൻ പാചകം പരിചിതമായിരുന്നില്ല.
പിന്നീട് സെലിബ്രറ്റികളുടെയും മലയാളികളുടെയും മാത്രമല്ല ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ഇഷ്ട സങ്കേതമാണ് തറവാട്. 2014 – ലാണ് മലയാളിയായ ക്രിക്കറ്റ് താരം സഞ്ജു സാംസൻ ആദ്യമായി ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയെ തറവാട് റസ്റ്റോറന്റിൽ എത്തിച്ചത്. അന്ന് തൊട്ട് എന്ന് ലീഡ്‌സിൽ വന്നാലും തറവാടിന്റെ രുചി നുണയാതെ വിരാട് കോഹ്‌ലി യുകെയിൽ നിന്ന് മടങ്ങി പോയിട്ടില്ല. പലപ്പോഴും റസ്റ്റോറന്റിൽ തിരക്കാണെങ്കിൽ ഇന്ത്യൻ ടീമിന്റെ താമസ സ്ഥലത്തേയ്ക്ക് ഫുഡ് എത്തിച്ചു കൊടുക്കുകയാണ് പതിവെന്ന് തറവാട് സിബി ജോസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. 2021 ഓഗസ്റ്റിൽ കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും ഉൾപ്പെടെയുള്ള ഇന്ത്യൻ ടീം അംഗങ്ങൾ 18 കൂട്ടം കറികളും അടപ്രഥമനുമുൾപ്പെടെ തറവാട്ടിൽ വന്ന് ഓണസദ്യയുണ്ട വാർത്ത അന്നു തന്നെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു . പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.
2009 മുതൽ ലീഡ്‌സിലെ റെസ്റ്റോറന്റ്, പബ്ബ്, ബാറുകൾ, ടേക്ക്എവേകൾ, മുതലായ മേഖലകളിലെ മികച്ച പ്രകടനങ്ങൾക്ക് നൽകി വരുന്ന പുരസ്കാരമായ ഒലിവർ അവാർഡിന് തറവാടിലെ മലയാളി ഷെഫായ അജിത് കുമാർ അർഹനായിരുന്നു. മുപ്പതിലധികം വർഷത്തെ പ്രവർത്തി പരിചയം ഉള്ള അജിത് കുമാറിന്റെയും, അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഷെഫ് രാജേഷിന്റെയും കഠിനപ്രയത്നമാണ് തറവാട് റസ്റ്റോറന്റിന്റെ നേട്ടങ്ങളുടെയും വിജയത്തിന്റെയും കാരണം. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ തറവാട് ഇടം പിടിച്ചിരുന്നു . ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ് ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ തറവാടിനെ തേടിയെത്തിയ ആംഗീകാരങ്ങളിൽ ചിലതാണ് അവയിൽ ചിലതാണ്.
ലസ്റ്ററിലെ കായൽ റസ്റ്റോറന്റിനെ കുറിച്ചും ഹിന്ദുദിന പത്രത്തിൽ പറയുന്നു. ഭക്ഷണം വിളമ്പുന്നതിനോടൊപ്പം കേരളത്തെ കുറിച്ചും മലയാളികളുടെ രുചി രുചി വൈവിധ്യങ്ങളെ കുറിച്ചും വിവരണം നടത്തുന്ന രീതിയിലുള്ള സംവിധാനങ്ങൾ ആണ് കായൽ റസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നതെന്ന് കായലിൻ്റെയും അതിൻ്റെ സഹോദര റെസ്റ്റോറൻ്റുകളുടെയും സ്ഥാപകനും ഉടമയുമായ ജെയ്‌മോൻ തോമസ് പറയുന്നു. നോട്ടിംഗ്ഹാം, ലീമിംഗ്ടൺ സ്പാ, വെസ്റ്റ് ബൈഫ്ലീറ്റ് എന്നിവിടങ്ങളിൽ കായലിന് സ്റ്റോറന്റുകൾ ഉണ്ട്. കൂടാതെ ഓസ്‌ട്രേലിയയിലെ മെൽബണിലും അവർക്ക് ഒരു ശാഖയുണ്ട്. 20 വർഷം മുമ്പ് തങ്ങൾ ഈ റെസ്റ്റോറൻ്റ് ആരംഭിച്ചപ്പോൾ ആദ്യം സ്ഥാപിച്ചത് ടിവിയായിരുന്നു എന്നും മറ്റ് ബ്രിട്ടീഷ് റെസ്റ്റോറൻ്റുകൾ കായിക മത്സരങ്ങൾ കാണിക്കാൻ ടിവി ഉപയോഗിച്ചപ്പോൾ ഉപഭോക്താക്കളെ കേരളത്തെ പരിചയപ്പെടുത്താൻ തങ്ങൾ ആഗ്രഹിച്ചതായും ജെയ്‌മോൻ പറഞ്ഞു.
Leave a Reply