ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മറ്റുള്ളവരുടെ കണ്ണുകളെ അന്ധമാക്കാൻ കഴിവുള്ള തരത്തിൽ മിന്നുന്ന കാർ ഹെഡ് ലൈറ്റുകൾ രാത്രി ഡ്രൈവർമാർക്ക് ഉണ്ടാക്കുന്ന പ്രശ്നം ബ്രിട്ടനിൽ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. മറ്റു വാഹനം ഓടിക്കുന്നവരെ ബുദ്ധിമുട്ടിക്കാതിരിക്കുവാൻ ഡ്രൈവർമാർ തങ്ങളുടെ ഹെഡ് ലൈറ്റുകൾ ശരിയായി ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന നിർദ്ദേശം ആരോഗ്യവിദഗ്ധരും മറ്റ് അധികൃതരും നൽകുന്നു. ബ്ലൂ ടിന്റ് എൽ ഇ ഡി ബൾബുകളും, ഉച്ചയ്ക്ക് വരുന്ന എസ് യു വി കളുടെ എണ്ണവും ആണ് ഇത്തരത്തിലുള്ള ലൈറ്റുകളുടെ ക്രമാതീതമായ ഉപയോഗത്തിന് കാരണമായത്. ഹെഡ് ലൈറ്റുകളിൽ നിന്നുണ്ടാകുന്ന ഗ്ലെയർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡ്രൈവർമാർ അതിന് എന്തെങ്കിലും നടപടികൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി ആർ എ സി വക്താവ് റോഡ് ഡെന്നിസ് പറഞ്ഞു. ഉടൻതന്നെ ഈ പ്രശ്നം പരിഹരിക്കുവാനായി ഗവൺമെന്റിൻെറ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന് ആവശ്യമാണ് ഭൂരിഭാഗം പേരും ഉന്നയിക്കുന്നത്.
ഹെഡ് ലൈറ്റുകളിൽ നിന്നുള്ള ശക്തമായ ഗ്ലെയറിൽ നിന്നും രക്ഷപ്പെടാനായി ചില മാർഗങ്ങൾ ഇവയാണ്.ഗ്ലെയർ വളരെ പ്രശ്നകരമായാൽ ഒരു അപകടം ഒഴിവാക്കാനായി ഡ്രൈവർമാർ വാഹനത്തിന്റെ വേഗത കുറയ്ക്കേണ്ടത് ആവശ്യമാണ്. എന്നാൽ പിന്നിൽ നിന്നുള്ള കൂട്ടിയിടി ഒഴിവാക്കാനായി വളരെ പെട്ടെന്ന് വേഗത കുറയ്ക്കരുതെന്ന നിർദ്ദേശവുമുണ്ട്. അതോടൊപ്പം തന്നെ വിൻഡ്സ് ക്രീനുകൾ വ്യക്തമായി കാണുവാനായി വൃത്തിയായി സൂക്ഷിക്കണം. ചില സമയങ്ങളിൽ കാർ ഹീറ്ററുകളിൽ നിന്നുള്ള വൃത്തിഹീനമായ വായു ഗ്ലാസിലേക്ക് അടിക്കുന്നത് മൂലം ഇന്റീരിയറിൽ മങ്ങിയ ഒരു ഫിലിം അടിഞ്ഞുകൂടുവാൻ സാധ്യതയുണ്ടെന്നും ഇത് ഹെഡ് ലൈറ്റുകളിൽ നിന്നുള്ള തിളക്കം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ഡ്രൈവർമാർക്ക് നിർദ്ദേശമുണ്ട്. എതിരെ വരുന്ന ഹെഡ് ലൈറ്റുകളിലേക്ക് നേരിട്ട് നോക്കരുതെന്നും, പകരം റോഡിന്റെ ഇടതുവശത്ത് ശ്രദ്ധിച്ചു റോഡിലുള്ള വെള്ള വരകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുമാണ് ആർ എ സി നൽകുന്ന നിർദ്ദേശം. ഡ്രൈവർമാർ സ്വയമേവ ബ്രൈറ്റ് ലൈറ്റുകൾക്ക് പകരം ലോ ബീമുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ അവനവന്റെ സുരക്ഷയോടൊപ്പം തന്നെ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നൽകുന്ന തരത്തിൽ ഡ്രൈവർമാർ പെരുമാറണമെന്ന നിർദ്ദേശമാണ് വിദഗ്ധർ നൽകുന്നത്.
Leave a Reply