ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഖാലിസ്ഥാൻ അനുകൂലികളുടെ യുകെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിൽ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് വിഷയം ചർച്ചയായത്. ഇതോടൊപ്പം മനുഷ കടത്തും മറ്റ് തീവ്രവാദ അനുബന്ധ വിഷയങ്ങളും ഇരു നേതാക്കളുടെയും ചർച്ചയിൽ ഉയർന്നു വന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുറ്റവാളികളെ പരസ്പരം കൈമാറുന്നത്, തീവ്രവാദം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത നീക്കങ്ങൾ ചർച്ചയായതായി യോഗത്തിന് ശേഷം ജയശങ്കർ അറിയിച്ചു. സിഖ് ഫോർ ജസ്റ്റിസ് പോലുള്ള നിരോധിത സംഘടനകൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയണമെന്ന് ഇന്ത്യ യുകെയോട് ആവർത്തിച്ച് ഉന്നയിച്ചിരുന്നു.
യുകെയിലും അയർലൻഡിലും ആറ് ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി, ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സുമായി നടത്തിയ മറ്റൊരു കൂടിക്കാഴ്ചയിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൻ്റെ പുരോഗതിയും ചർച്ച ചെയ്തു. കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിക്കിടെ റിയോയിൽ പ്രധാനമന്ത്രി മോദിയും കെയർ സ്റ്റാർമറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും യുകെയും വ്യാപാര കരാറിനായുള്ള ചർച്ചകൾ കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചിരുന്നു .
ഇതിനിടെ ഇന്ത്യയും യുകെയും തമ്മിലുള്ള പരസ്പര സഹകരണം കൂട്ടാനായി മാഞ്ചസ്റ്ററിലും ബെല്‍ ഫാസ്റ്റിലും പുതിയ കോൺസലേറ്റുകൾ ഈ ആഴ്ച ആരംഭിക്കും. പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുന്നത് 41 ബില്യൺ പൗണ്ടിൻ്റെ വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ കൂടുതൽ പിന്തുണയ്ക്കുന്നതിന് സഹായിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. ബെൽഫാസ്റ്റിലും മാഞ്ചസ്റ്ററിലും പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുന്നത് നമ്മുടെ ജനങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധവും ലണ്ടനിൽ മാത്രമല്ല, യുകെയിലുടനീളം വളർച്ച കൈവരിക്കാൻ ഞങ്ങൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും തെളിയിക്കുന്നതായി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
Leave a Reply