ക്ലാസ് മുറിയിൽ വെച്ച് ഭീകരവാദിയെന്ന എന്ന വിളിച്ച അധ്യാപകനോട് കയർത്ത് മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. വിദ്യാർഥിയുടെ പേരെന്താണെന്നു അധ്യാപകൻ ചോദിച്ചു. മുസ്ലിം നാമം കേട്ടപ്പോൾ ”ഓ, നിങ്ങൾ കസബിനെപ്പോലെയാണ് അല്ലേ”യെന്ന് അധ്യാപകൻ ചോദിക്കുകയായിരുന്നു. ഇതാണ് വിവാദത്തിലേയ്ക്ക് വഴിവെച്ചത്.
മറ്റൊരു വിദ്യാർത്ഥി പകർത്തിയ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ”26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാൽ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങൾക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയിൽ. അത് അത്രയ്ക്ക് രസകരമല്ല സർ” എന്നാണ് വിദ്യാർഥി മറുപടി നൽകിയത്.
വിദ്യാർഥി പ്രതികരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അധ്യാപകൻ വിഷയം മാറ്റി. നീ എനിക്ക് മകനെ പോലെ അല്ലേ എന്ന് പറഞ്ഞ് സ്ഥിതി തണുപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ, മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്നു വിളിക്കുമോ എന്നാണ് അധ്യാപകനോട് വിദ്യാർത്ഥി മറുചോദ്യമെറിഞ്ഞു.
തുടർന്ന് രക്ഷയില്ലെന്ന് കണ്ടതോടെ വിദ്യാർഥിയോട് അധ്യാപകൻ മാപ്പു ചോദിക്കുകയും ചെയ്തു. ഇത്രയധികം ആളുകളുടെ മുന്നിൽവച്ച് നിങ്ങൾക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാൻ തോന്നി? നിങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. നിങ്ങളുടെ ക്ഷമാപണം നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതിൽ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാർത്ഥി പറയുന്നു. സംഭവത്തിൽ, അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു.
	
		

      
      



              
              
              




            
Leave a Reply