രാജേഷ് നടേപ്പിള്ളി

യുകെയിലെ ഏറ്റവും പ്രമുഖ സംഘടനകളിൽ ഒന്നായ വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘അക്ഷരച്ചെപ്പ്’ മലയാളം സ്കൂളിന്റെ ഉദ്ഘാടനം പ്രൗഡോജ്വലമായി സംഘടിപ്പിച്ചു. ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ ആദ്യ ദിനത്തിൽ തന്നെ അറുപത് കുരുന്നുകളാണ് മലയാളഭാഷയുടെ ആദ്യാക്ഷരം കുറിക്കുവാൻ എത്തി ഏവർക്കും മാതൃകയായത്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ സഹകരണത്തോടെ വിൽഷെയർ മലയാളി അസോസിയേഷന്റെ പോഷക വിഭാഗമായ വുമൺസ് ഫോറവുമായി ചേർന്നാണ് സ്വിൻഡനിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികൾക്ക് തങ്ങളുടെ വരുംതലമുറകളിലെ കുട്ടികൾ മലയാള ഭാഷ ശരിയായ രീതിയിൽ എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെ ‘അക്ഷരച്ചെപ്പ്’ എന്ന പേരിൽ മലയാളം സ്കൂളിന് തുടക്കം കുറിച്ചത്.

കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ‘അക്ഷരചെപ്പ്’ മലയാളം സ്കൂളിന്റെ ഉദ്ഘാടനം മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭ അംഗവുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. വരുംതലമുറയിലേക്ക് നമ്മുടെ ഭാഷയും സംസ്കാരവും പൈതൃകവും പകർന്നു നൽകുന്നതിനുവേണ്ടി വിൽഷെയർ മലയാളി അസോസിയേഷൻ ‘അക്ഷരചെപ്പ്’ എന്ന പേരിൽ ആരംഭിച്ച മലയാളം ക്ലാസിനോടൊപ്പം കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിന് പ്രചോദനമാകുന്ന ചെസ്സ് പരിശീലനവും നൽകുന്നതിലൂടെ വിൽഷെയർ മലയാളി അസോസിയേഷൻ മറ്റ് മലയാളി സംഘടനകൾക്കും കൂട്ടായ്മകൾക്കും മാതൃകയും പ്രചോദനവും വേറിട്ട കാഴ്ചപ്പാടുമാണ് നൽകുന്നതെന്നും സി എ ജോസഫ് സൂചിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റും ‘അക്ഷരച്ചെപ്പ്’ മലയാളം സ്കൂളിന്റെ രക്ഷാധികാരിയുമായ പ്രിൻസ്മോൻ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികളായ മാതാപിതാക്കൾ തങ്ങൾക്ക് പൈതൃകമായി ലഭിച്ചതും ജീവിതത്തിൽ എന്നും സുപ്രധാനമായ സ്ഥാനം നൽകുന്നതുമായ മാതൃഭാഷ തങ്ങളുടെ കുട്ടികളിലേക്കും ലഭ്യ മാക്കുന്നതിനുവേണ്ടിയുള്ള ധാർമ്മീകമായ വലിയ ഒരു ഉത്തരവാദിത്വമാണ് വിൽഷെയർ മലയാളി അസോസിയേഷൻ ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്നും ഈ ഉദ്യമത്തിന് സ്വിണ്ടനിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവൻ മലയാളി കുടുംബാംഗങ്ങളുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്നും അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്മോൻ മാത്യു തന്റെ അധ്യക്ഷപ്രസംഗത്തിൽ പ്രത്യേകമായി എടുത്തുപറഞ്ഞൂ.

എഡ്യൂക്കേഷൻ പ്രോഗ്രാം ലീഡ് ആന്റണി കൊച്ചിതറ, ചെസ്സ് ട്രെയിനർ ശ്രീനിവാസൻ ചിദംബരം, വുമൺസ് ഫോറം പ്രതിനിധി ഗീതു അശോകൻ തമ്പി, ജോയിന്റ് സെക്രട്ടറി സോണി കാച്ചപ്പള്ളി, ജോയിന്റ് ട്രഷറർ ജെയ്മോൻ ചാക്കോ എന്നിവർ ആശംസകളുമർപ്പിച്ചു.

കുട്ടികളെ സുഗമമായ രീതിയിൽ മലയാളം പഠിപ്പിക്കുന്നതിനായി പന്ത്രണ്ട് അധ്യാപകരുടെ പാനൽ രൂപീകരിക്കുവാൻ സാധിച്ചതും മലയാള ഭാഷയുടെ ആദ്യാക്ഷരം കുറിക്കുവാൻ തുടക്കത്തിൽ തന്നെ അറുപതോളം കുട്ടികളും മാതാപിതാക്കളും എത്തിച്ചേർന്നതും അസോസിയേഷൻ ആരംഭിച്ച ‘അക്ഷരച്ചെപ്പ്’ മലയാളം സ്കൂളിന് മലയാളി കുടുംബങ്ങൾ നൽകിയ വൻ സ്വീകാര്യതയും പ്രോത്സാഹനവുമാണ് ഉദ്ഘാടന പരിപാടിയിൽ പ്രതിഫലിച്ചത്. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സ്വാഗതമാശംസിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും പങ്കെടുത്ത മുഴുവൻ ആളുകൾക്കും വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് നന്ദിയും രേഖപ്പെടുത്തി.