ആഘോഷങ്ങള്‍ക്കൊപ്പം അനുഗ്രഹീതമായി ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഉദ്ഘാടനവും, ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളും. ഗ്ലോസ്റ്റര്‍ വിറ്റ്‌കോംബിലെ വിറ്റ്‌കോംബ് & ബെന്‍താം വില്ലേജ് ഹാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിന്റെ ഉദ്ഘാടനം ഗ്ലോസ്റ്റര്‍ എംപി റിച്ചാര്‍ഡ് ഗ്രഹാം നിര്‍വ്വഹിച്ചു. ഫാ. ജിപി പോള്‍ വാമറ്റത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കുള്ള വഴിതെളിക്കുന്നതാണ് വിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനമെന്ന് റിച്ചാര്‍ഡ് ഗ്രാഹം എംപി പറഞ്ഞു. ക്രിസ്ത്യന്‍ സ്തൂപത്തോടുള്ള വിളക്ക് മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലയാളി സമൂഹത്തിലെ ജാതിമതഭേദമെന്യേയുള്ള ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്തതിന്റെ സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല.
ജിഎംസിഎ ഭാരവാഹികള്‍ ഒരു മനസ്സോടെ, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നവരാണെന്നും റിച്ചാര്‍ഡ് ഗ്രഹാം പറഞ്ഞു. ഗ്ലോസ്റ്റര്‍ഷയറിലെ മലയാളി എംപിമാരുടെ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു. ഭാവിയില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും എംപി പറഞ്ഞത് കൈയടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
ക്രിസ്മസിന്റെ ചൈതന്യം എല്ലാവര്‍ക്കും സ്‌നേഹവും, സമാധാനവും പകരട്ടെയെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍ പറഞ്ഞു. ഗ്ലോസ്റ്ററിലെ പുതിയ മലയാളി കൂട്ടായ്മയ്ക്ക് കൗണ്‍സിലര്‍ ആശംസ നേര്‍ന്നു. ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് കണ്ടോത്ത് പ്രസിഡന്‍ഷ്യല്‍ സ്പീച്ച് നടത്തി. സെക്രട്ടറി ജിജി ജോണ്‍ നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹൃദയം കവരുന്ന കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. കരോള്‍ ആലാപനം, ഡാന്‍സ്, ഫാഷന്‍ ഷോ തുടങ്ങിയ കുട്ടികളും, മുതിര്‍ന്നവരും ഒരുപോലെ അണിനിരന്ന പരിപാടികള്‍ വൈവിധ്യം നിറഞ്ഞതായി. ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ നടന്ന ഗാനപരിപാടികള്‍ ആഘോഷം അവിസ്മരണീയമാക്കി.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു. ഒരു സംഘടന ഉദയം ചെയ്തതിന് ശേഷം നടക്കുന്ന ആദ്യത്തെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷമായിരുന്നിട്ട് കൂടി സംഘാടന മികവ് കൊണ്ട് പരിപാടികള്‍ അവിസ്മരണീയമായി മാറി. ട്രഷറര്‍ സിയോണ്‍ ജോസ്, വൈസ് പ്രസിഡന്റ് ജോണ്‍സി ജിംസണ്‍, ജോയിന്റ് സെക്രട്ടറി വിനയ് തങ്കപ്പന്‍, പിആര്‍ഒ ബിനോയ് ജോണ്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ഡോണാ ജിജി ജോണ്‍ എന്നിവരാണ് പരിപാടികള്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് മികവുറ്റ പിന്തുണയുമായി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിംസണ്‍ സെബാസ്റ്റ്യന്‍, സോണി ജോര്‍ജ്ജ്, ഫ്രാന്‍സിസ് കുര്യാക്കോസ്, ജോബിന്‍ ജോസ്, സജി കുര്യാക്കോസ്, ജേക്കബ് ജെ ജോസഫ്, രഞ്ജിത്ത് ചൂടന്നൂര്‍, റോബിന്‍ കെ മാത്യൂ, വിജയ് ലൂക്കോസ്, ജിനു ചാക്കോച്ചന്‍, ചന്ദ്രലേഖ എന്നിവരും പ്രവര്‍ത്തനനിരതരായിരുന്നു. ഗോസ്റ്ററിലെ മലയാളികള്‍ക്ക് ഒത്തുകൂടാനും, ഒരുമയോടെ ആഘോഷിക്കാനുമുള്ള വേദിയായി ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മാറുമെന്ന് നിസംശയം പറയാം.
Leave a Reply