യുകെയില്‍ കമ്യൂണിസത്തിന് വളര്‍ച്ചയുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി. സാങ്കേതികവിദ്യയുടെ വികാസവും അതുമൂലം തൊഴിലിടങ്ങള്‍ ഓട്ടോമേഷനിലേക്ക് മാറുകയും ചെയ്യുമ്പോളുണ്ടാകുന്ന തൊഴില്‍നഷ്ടം ജനങ്ങള്‍ക്കിടയില്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുടെ ‘മുന്നറിയിപ്പ്’. സാങ്കേതികവിദ്യ തൊഴിലുകള്‍ കവര്‍ന്നെടുക്കുകയും വേതനത്തില്‍ കുറവുണ്ടാകുകയും അസമത്വം വളരുകയുമാണെങ്കില്‍ മാര്‍ക്‌സും എംഗല്‍സും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തരാകും. വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികള്‍ക്കും ഹൈടെക് മെഷീനുകള്‍ സ്വന്തമായുള്ളവര്‍ക്കും മാത്രം നേട്ടമുണ്ടാകാനിടയുള്ള സാഹചര്യമാണ് ഇത്.
തൊഴില്‍ രീതികളിലെ മാറ്റം ഫലപ്രദമായി ഉള്‍ക്കൊള്ളാന്‍ തൊഴിലാളികള്‍ക്ക് കഴിയണമെന്ന് നിര്‍ബന്ധമില്ലെന്നും കാനഡയില്‍ നടന്ന ഗ്രോത്ത് സമ്മിറ്റില്‍ കാര്‍ണി വ്യക്തമാക്കി. 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായ ആദ്യ വ്യവസായ വിപ്ലവത്തില്‍ തൊഴിലാളികള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടായിരുന്നില്ല. 19-ാം നൂറ്റാണ്ടു വരെ ഇത് തുടര്‍ന്നിരുന്നു. ഏംഗല്‍സ് പോസ് എന്നറിയപ്പെടുന്ന വേതന സ്തംഭനത്തിന്റെ കാലമായിരുന്നു അത്. 150 വര്‍ഷം മുമ്പ് സാങ്കേതികതയുടെ സഹായത്തോടെ ഉദ്പാദനം വര്‍ദ്ധിച്ചു. എന്നാല്‍ ഇതിനോട് അനുബന്ധിച്ചുണ്ടായ തൊഴിലവസരങ്ങള്‍ക്ക് വൈദഗ്ദ്ധ്യം അത്ര ആവശ്യമില്ലാതിരുന്നതിനാല്‍ ശരാശരി ശമ്പളം വര്‍ദ്ധിച്ചില്ല. സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ശരാശരി വേതനത്തിലെ വളര്‍ച്ചാനിരക്ക് കുറഞ്ഞതിന് കാരണം 19-ാം നൂറ്റാണ്ടിലെ സാഹചര്യങ്ങള്‍ പുനരവതരിച്ചതാണെന്നും കാര്‍ണി പറഞ്ഞു.
90 ശതമാനത്തിലേറെ ജനങ്ങളും ഓട്ടോമേഷന്‍ തങ്ങളുടെ ജോലികളെ ബാധിക്കില്ലെന്നാണ് ചിന്തിക്കുന്നതെന്ന് സര്‍വേകള്‍ പറയുന്നു. എന്നാല്‍ അത്രയും തന്നെ കമ്പനി മേധാവികള്‍ക്ക് എതിരഭിപ്രായമാണ് ഉള്ളത്. കമ്പ്യൂട്ടറുകള്‍ മധ്യനിര ജോലികളെ ബാധിക്കുമെന്ന് തന്നെയാണ് കാര്‍ണിയുടെ അഭിപ്രായം. നിയമസ്ഥാപനങ്ങള്‍ ഇപ്പോള്‍ത്തന്നെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. മുമ്പ് ജൂനിയര്‍ ലോയര്‍മാര്‍ ചെയ്തിരുന്ന ജോലിയാണ് ഇത്. ബാങ്കുകളും ഇതേ രീതി പിന്തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Leave a Reply