ലേബറില്‍ ആരംഭിച്ച പിളര്‍പ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്കും. മൂന്ന് വനിതാ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പാര്‍ലമെന്റിലെ സ്വതന്ത്ര ഗ്രൂപ്പില്‍ ചേര്‍ന്നു. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്ന എട്ട് എംപിമാരാണ് പാര്‍ലമെന്റില്‍ സ്വതന്ത്ര ഗ്രൂപ്പായി ഇരിക്കുന്നത്. മുതിര്‍ന്ന ടോറി എംപിമാര്‍ ആശങ്കപ്പെട്ടതു തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ സംഭവിക്കുന്നത്. അന്ന സൗബ്രി, സാറ വോളാസ്റ്റണ്‍, ഹെയ്ദി അലന്‍ എന്നിവരാണ് ടോറി പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്നത്. പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഇവര്‍ രാജിക്കാര്യം സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് മൂന്നു പേരും ഉന്നയിച്ചത്. കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധരും വിഡ്ഢികളുമായവര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണം നല്‍കിയിരിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ ദുഃഖമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായക്കാരായിരുന്ന ഈ മൂന്ന് എംപിമാരും ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പില്‍ ചേരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അന്ന സൗബ്രി തെരേസ മേയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെയും ലീവ് പക്ഷക്കാരായ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പിന്റെയും പിടിയിലാണെന്ന് അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രൂപവും ഘടനയും പോലും ബ്രെക്‌സിറ്റിന് അനുസരിച്ചായി മാറിയിരിക്കുകയാണ്. കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധരായ വിഡ്ഢികളുടെ സംഘമാണ് ഇപ്പോള്‍ പാര്‍ട്ടി ഭരിക്കുന്നത്. അവരാണ് ഇപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെന്നും സൗബ്രി കുറ്റപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാര്‍ട്ടി വിടുന്നതില്‍ ദുഃഖമുണ്ടെന്ന് സാറ വോളാസ്റ്റണ്‍ പറഞ്ഞു. പക്ഷേ സമൂഹത്തിലെ നീറുന്ന അനീതികള്‍ക്കെതിരെ നിലപാടെടുക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പടവുകളില്‍ നിന്നെടുത്ത പ്രതിജ്ഞ പാലിക്കാന്‍ തെരേസ മേയ്ക്ക് കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു. ദാരിദ്ര്യം പോലെയുള്ള സുപ്രധാന വിഷയങ്ങള്‍ പരിഗണിക്കുക പോലും ചെയ്യാത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹെയ്ദി അലന്‍ പറഞ്ഞത്. ബ്രെക്‌സിറ്റ് വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെയും അവര്‍ പ്രതിഷേധമറിയിച്ചു. ബ്രെക്‌സിറ്റ്, സെമിറ്റിക് വിരുദ്ധത തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തതില്‍ ലേബര്‍ പരാജയമാണെന്ന ആരോപണം ഉന്നയിച്ചാണ് എട്ട് എംപിമാര്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പ് രൂപീകരിച്ചത്.