ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറെക്കുറിച്ച് കാനഡ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ. ഇതിന് പിന്നാലെ ഇന്ത്യയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ അടക്കമുള്ള ആറ് ഉദ്യോഗസ്ഥരെയാണ് കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ പുറത്താക്കിയത്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയര്‍ന്ന നയതന്ത്ര തര്‍ക്കം ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളാക്കിയിരിക്കുകയാണ്.

നിജ്ജറുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനിലെ ഇരുപത് ഉദ്യോഗസ്ഥരെ ഇന്ത്യ നേരത്തെ പുറത്താക്കിയിരുന്നു. കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അടിസ്ഥാന രഹിതമായി ഇന്ത്യയെ ഉന്നം വെയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഇന്ത്യ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്രജ്ഞരെയും ഇന്ന് തിരികെ വിളിച്ചു. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയ വിദേശകാര്യ മന്ത്രാലയം അദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു.

നേരത്തെ കാനഡയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് വീലറെ ഇന്ത്യ വിളിപ്പിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയ്ക്ക് നിജ്ജര്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ കാനഡ പ്രസ്താവന നടത്തിയ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ നീക്കം. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായ കാമറൂണ്‍ മക്കേയ് രാജ്യത്തില്ലാത്ത പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്.

ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നിജ്ജര്‍ വധത്തില്‍ ചില താല്‍പര്യങ്ങള്‍ ഉണ്ടെന്നായിരുന്നു കാനഡയുടെ പ്രസ്താവന. വസ്തുതയില്ലാത്ത ആരോപണങ്ങളുന്നയിച്ച കാനഡയ്ക്ക് അതിരൂക്ഷമായ ഭാഷയിലാണ് ഇന്ത്യ മറുപടി നല്‍കിയത്. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച കനേഡിയന്‍ സര്‍ക്കാരിന്റെ നടപടിയെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ചതും ഒട്ടാവയിലെ ഇന്ത്യന്‍ പ്രതിനിധികളെ തിരിച്ച് വിളിച്ചതും.

രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കാനഡ അയച്ച കത്തിന് മറുപടിയായാണ് ഇന്ത്യ ഇന്ന് പ്രസ്താവന ഇറക്കിയത്. നിജ്ജര്‍ വധത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നല്‍കിയിട്ടില്ലെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്ന് നിരവധി അഭ്യര്‍ഥനകള്‍ ഉണ്ടായിട്ടും കനേഡിയന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു തെളിവും തങ്ങളുമായി പങ്കിട്ടിട്ടില്ല. കാനഡയുടെ ആരോപണങ്ങള്‍ ഒരു വസ്തുതയുമില്ലാത്ത അവകാശവാദങ്ങളാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യയോടുള്ള ശത്രുത വളരെക്കാലമായി വ്യക്തമായി കാണാവുന്നതാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട തീവ്രവാദ, വിഘടനവാദ അജണ്ടയുമായി പരസ്യ ബന്ധമുള്ള വ്യക്തികളെ അദേഹത്തിന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രൂഡോ സര്‍ക്കാര്‍ എല്ലായിപ്പോഴും ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയാണ് സേവിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ പരസ്യമായി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശമായ നിലയിലാണ്. നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയ്ക്കും പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളാക്കിയിരിക്കുന്നത്. 36 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞനാണ് സഞ്ജയ് കുമാര്‍ വര്‍മ.

2020 ഡിസംബറില്‍ ഇന്ത്യന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ജസ്റ്റിന്‍ ട്രൂഡോ നടത്തിയ നഗ്‌നമായ ഇടപെടല്‍ ഈ വിഷയത്തില്‍ എത്ര ദൂരം സഞ്ചരിക്കാന്‍ അദേഹത്തിന് സാധിക്കുമെന്ന് കാണിച്ച് തന്നു. ട്രൂഡോ സര്‍ക്കാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ആശ്രയിച്ചിരിക്കുന്നു. അതിന്റെ നേതാവ് ഇന്ത്യയ്ക്കെതിരായ വിഘടനവാദ പ്രത്യയശാസ്ത്രം പരസ്യമായി അംഗീകരിക്കുന്നു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടേയുള്ളു, കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങിനെ പരാമര്‍ശിച്ച് ഇന്ത്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കാനഡ-ഇന്ത്യാ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ മുന്നോട്ടുള്ള കാര്യങ്ങളെ ആശങ്കയോടെയാണ് ഇന്ത്യന്‍ സമൂഹം ഉറ്റുനോക്കുന്നത്.