നിദാഹാസ് ട്രോഫിയിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇന്ത്യയുടെ മത്സര വിജയശേഷം പ്രശസ്ത സച്ചിന്‍ ആരാധകന്‍ സുധീര്‍ ഗൗതമിനെ ഒരു ലങ്കന്‍ ആരാധകന്‍ എടുത്തുയര്‍ത്തുന്ന ചിത്രമാണ് തന്റെ വിലയിരുത്തലില്‍ നിദാഹാസ് ട്രോഫിയിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നെന്ന് രോഹിത് പറയുന്നു. ഇതിന്റെ ചിത്രവും രോഹിത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിദാഹാസ് ട്രോഫിയിലെ ഫൈനലിലെ അവസാന പന്തിന് മുമ്പ വരെ ബംഗ്ലാദേശ് ടീം അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ഗ്രൗണ്ടിലും ഡ്രസ്സിംഗ് റൂമിലുമെല്ലാമുണ്ടായ കൈയ്യാങ്കളിയും കോമ്പ്ര ഡാന്‍സും വാര്‍ത്ത സമ്മേളനത്തിലെ വെല്ലുവിളികളുമെല്ലാം കൂടിയായപ്പോള്‍ ബംഗ്ലാദേശ് ടീം ശ്രീലങ്കയില്‍ നോട്ടപ്പുള്ളികളായി. ഇതോടെ ഫൈനലില്‍ ലങ്കന്‍-ഇന്ത്യന്‍ ആരാധകര്‍ സംയുക്തമായി ബംഗ്ലാദേശിനെതിരെ അണിനിരക്കുകയായിരുന്നു.
ഇന്ത്യന്‍ പതാകകള്‍ ഗ്യാലറിയിലെങ്ങും പാറി പറന്നു. ജയിക്കും..ഇന്ത്യ ജയിക്കും എന്ന മുദ്രാവാക്യം ഇടിനാദം പോലെ ഗ്യാലറിയില്‍ മുഴങ്ങി. മല്‍സരത്തില്‍ ശ്രീലങ്ക ഇല്ലാതിരുന്നിട്ടുകൂടി ലങ്കക്കാര്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണ കമന്റേറ്റര്‍മാരെയും അതിശയപ്പെടുത്തി. മല്‍സരത്തിന്റെ അവസാന ഓവറില്‍ മികച്ച പിന്തുണയാണ് ലങ്കന്‍ ആരാധകര്‍ നല്‍കിയത്. ദിനേഷ് കാര്‍ത്തിക് അവസാന ബോള്‍ സിക്‌സര്‍ ഉയര്‍ത്തി വിജയം തീര്‍ത്തപ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളികളുയര്‍ന്നു. ഇന്ത്യന്‍ ആരാധകനെ എടുത്തുയുര്‍ത്തി വിജയ സന്തോഷം പങ്കിടുന്ന ലങ്കന്‍ ആരാധകന്റെ ചിത്രവും അതിനിടെ ക്രിക്കറ്റ് ലോകം കണ്ടു.
ശ്രീലങ്കന്‍ ആരാധകര്‍ തങ്ങള്‍ക്കു നല്‍കിയ പിന്തുണ ഇന്ത്യന്‍ താരങ്ങളും മറന്നില്ല. മല്‍സരം വിജയിച്ചശേഷം മൈതാനത്ത് കൂടി നടന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ശ്രീലങ്കന്‍ പതാകയും ഉണ്ടായിരുന്നു. ഇന്ത്യന്‍ പതാക ഗ്യാലറിയില്‍ പാറിയപ്പോള്‍ മൈതാനത്ത് ശ്രീലങ്കന്‍ പതാകയാണ് ഇന്ത്യന്‍ താരങ്ങള്‍ പാറിപ്പിച്ചത്. ലങ്കന്‍ ആരാധകര്‍ നല്‍കിയ പിന്തുണയെക്കുറിച്ച് മല്‍സരശേഷം ദിനേശ് കാര്‍ത്തിക്കും പറഞ്ഞു. ഗ്യാലറിയില്‍ നിന്നും കിട്ടുന്ന പിന്തുണ കളിക്കാനുളള ഈര്‍ജം നല്‍കും. ഫൈനല്‍ മല്‍സരത്തില്‍ ലങ്കന്‍ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് അവരോട് നന്ദി പറയുന്നുവെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.
മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. അവസാന പന്തില്‍ ദിനേഷ് കാര്‍ത്തിക് നേടിയ സിക്‌സാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.
Leave a Reply