യുക്രൈനോടുള്ള ശത്രുത അവസാനിപ്പിക്കാനും സൈന്യത്തെ ഉടന്‍ പിന്‍വലിക്കാനും റഷ്യയോട് ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കി. എന്നാല്‍ യുഎന്നില്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും വിട്ടുനിന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേന്നായിരുന്നു വോട്ടെടുപ്പ്.
193 അംഗ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 141 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. 7 പേര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള 32 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ സമാധാനത്തിന് വേണ്ടി വാദിക്കുന്നതിനിടയില്‍ ഇന്ത്യ തുടര്‍ച്ചയായി യുഎന്‍ജിഎയില്‍ റഷ്യയ്ക്കെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായി യുക്രൈനില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം എത്രയും വേഗം കൈവരിക്കേണ്ടതിന്റെ ആവശ്യകത പ്രമേയം അടിവരയിടുന്നു. ഇതിന് അനുസൃതമായുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇരട്ടി പിന്തുണ നല്‍കണമെന്ന് പ്രമേയം അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു.
Leave a Reply