ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിര്‍ത്തിയിൽ മൂന്നു സൈനികരുടെ ജീവനെടുത്ത് പരസ്പരമുള്ള ഏറ്റുമുട്ടൽ. എന്നാൽ ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവയ്പ് ഉണ്ടായിട്ടില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു . വെടിവയ്പ്പു നടത്താതെ തോക്കിന്റെ പാത്തി കൊണ്ടും ഇരുമ്പു ദണ്ഡുകൊണ്ടും നടത്തിയ സംഘർഷമാണ് സൈനികരുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. അതിർത്തി സംഘർഷത്തിൽ ചർച്ച നടത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ഗാൽവാൻ താഴ്‍വരയിൽ ചർച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികര്‍ തമ്മില്‍ പ്രകോപനമുണ്ടാകുകയായിരുന്നു. തുടർന്ന് തോക്കിന്റെ പാത്തിയും ഇരുമ്പ് ദണ്ഡുകളുമുപയോഗിച്ച് ഇരുഭാഗത്തേയും സൈനികർ ഏറ്റുമുട്ടി. അതിക്രൂരമായ മർദനത്തിൽ കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ ജവാന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചൈനയുടെ 5 ജവാന്മാർ മരിക്കുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ടുണ്ടായ സംഘർഷം അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് ഇന്നു രാവിലെ 7.30ന് അതേസ്ഥലത്ത് ചർച്ചകൾ ആരംഭിച്ചു. ഈ ചർച്ച ഇതുവരെയും അവസാനിച്ചിട്ടില്ല. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തി സൈനിക താവളങ്ങളിലേക്ക് അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കര–വ്യോമ സേനാതാവളങ്ങളിൽ സേനാവിന്യാസം നടക്കുകയാണ്. കൂടുതൽ പ്രകോപനമുണ്ടാക്കരുതെന്ന് സൈനികർക്ക് കേന്ദ്രനിർദേശമുണ്ട്.
Leave a Reply