ഇന്ത്യാ–ചൈനാ അതിർത്തിയിൽ പിരിമുറുക്കം തുടരുമ്പോള്‍ അമേരിക്കയിലെ വിഖ്യാതമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം ചർച്ചയാവുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ ഇന്ത്യയ്ക്ക് പരമ്പരാഗതമായ ഒരു മേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ ഇതിൽ വ്യക്തമാക്കുന്നത്. 1962ല്‍ ഉണ്ടായത് പോലെ തിരിച്ചടി ഉണ്ടായേക്കില്ലെന്നാണ് ഹാര്‍വര്‍ഡ് കെന്നഡി സ്‌കൂളിലെ ബെല്‍ഫര്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശേഷി വിശകലനം ചെയ്താണ് ഈ പഠനം പുറത്തിറക്കിയത്.

ഇന്ത്യയ്ക്ക് പരമ്പാരാഗതമായി നിലനില്‍ക്കുന്ന മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ആണവ ശക്തി പോലും പരിഗണിച്ചു നടത്തിയതാണ് പഠനം. കൂടാതെ, വ്യോമസേനകളുടെ കരുത്തും പരിഗണിച്ചു. പ്രശ്‌നം വഷളായാല്‍ വ്യോമ സെനകളായിരിക്കും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍ എത്തുക.
ഇന്ത്യയ്ക്ക് പരമ്പരാഗതമായി നിലനില്‍ക്കുന്ന ഒരു മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് തങ്ങള്‍ വിലയിരുത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചൈനയുടെ ഭീഷണിക്കും ആക്രമണത്തിനുമെതിരെ ഇത് ഇന്ത്യയ്ക്ക് ഗുണകരമായേക്കും. ഇന്ത്യയക്ക് ചൈനയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്. എന്നാല്‍, ഇത് ഇന്ത്യയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അംഗീകരിക്കപ്പെടാറില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പിഎല്‍എയുടെ പരമ്പരാഗത ശക്തിയെയും വിശകലനം ചെയ്യുന്നു. കരസേനകളുടെ കാര്യത്തിലുള്ള താരതമ്യം തെറ്റിധാരണാജനകമാണെന്നും അവര്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധം തുടങ്ങിയാല്‍ പോലും ചൈനീസ് സേനയുടെ അംഗബലം അവര്‍ക്ക് ഗുണകരമാവില്ല. പല വിഭാഗങ്ങളും റഷ്യയ്‌ക്കെതിരെയും ടിബറ്റിലും സിന്‍ജിയാങിലുമുള്ള കലാപകാരികള്‍ക്കെതിരെയും നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സേനാംഗങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയുടെ അടുത്തല്ല നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയ്ക്ക് അതിന്റെ സേനയെ വേണമെങ്കില്‍ പൂര്‍ണമായും ചൈനയ്‌ക്കെതിരെ തിരിക്കാമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.

പിഎല്‍എയുടെ വ്യോമസേനയ്ക്കും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സാന്നിധ്യം കുറവാണ്. അതേസമയം, ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് മുഴുവന്‍ ശക്തിയോടെയും നീങ്ങാന്‍ സാധിക്കും. ചൈനീസ് വ്യോമസേനയുടെ വലിയൊരു വിഭാഗത്തെ തന്നെ റഷ്യ-കേന്ദ്രീകൃത നീക്കങ്ങള്‍ക്കായി സജ്ജരാക്കി നിർത്തിയിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഒരേ സമയം 101 പോർവിമാനങ്ങളെ വരെ ചൈനയ്‌ക്കെതിരെ മാത്രം അയയ്ക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനമായ എസ്‌യു-30 എംകെഐ (Su-30MKI) ഏതു ചൈനീസ് പോർവിമാനത്തേക്കാളും മെച്ചമാണെന്നും പഠനം പറയുന്നു. ഇരു രാജ്യങ്ങളുടെയും കയ്യിലുള്ള നാലാം തലമുറയിലെ പോർവിമാനങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ പഠനവും ചൈനയുടെ ജെ-10 യുദ്ധ വിമാനങ്ങള്‍, സാങ്കേതികമായി ഇന്ത്യയുടെ മിറാഷ്-2000നോട് കിടപിടിക്കുമെന്നു പറയും. എന്നാല്‍, ഇന്ത്യയുടെ എസ്‌യു- 30എംകെഐ യുദ്ധവിമാനം എല്ലാ ചൈനീസ് പോർവിമാനങ്ങളെക്കാളും മികവുറ്റതാണ്. അതു കൂടാതെ ഇന്ത്യയുടെ ജെ-11, എസ്‌യു-27 മോഡലുകളും മികവുപുലര്‍ത്തുന്നവയാണ്. ചൈനയ്ക്ക് നാലാം തലമുറയില്‍ ഏകദേശം 101 പോർവിമാനങ്ങളാണ് ഉള്ളത്. ഇവയില്‍ പലതും റഷ്യയെ പേടിച്ച് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഇത്തരത്തിലുളള 122 പോർവിമാനങ്ങളുണ്ട്. ഇവയെ എല്ലാം ചൈനയ്‌ക്കെതിരെ ഉപയോഗിക്കാമെന്നാണ് പഠനം പറയുന്നത്.