ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം വിട നൽകി. ഡല്‍ഹി ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ മുഴുവൻ സൈനിക ബഹുമതികളോടെ സംസ്കാരം നടന്നു.
പ്രഥമ സംയുക്ത സൈനിക മേധാവിയോടുള്ള ആദരസൂചകമായി സൈന്യം 17 ഗണ്‍ സല്യൂട്ട് നൽകി. ബിപിന്‍ റാവത്തിന്റെ ചിതയിൽ തന്നെ ഭാര്യ മധുലികയും രാജ്യത്തിന്റെ അഭിമാനമായി എരിഞ്ഞടങ്ങി. മക്കളായ കൃതികയും തരിണിയുമാണ് ചിതയിൽ അഗ്നിപകർന്നത്.
സംസ്കാര ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശ സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
വന്‍ ജനാവലിയുടെ അകമ്പടിയോടു കൂടിയാണ് ശവമഞ്ചം വഹിക്കുന്ന വാഹനം കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറിലേക്ക് എത്തിയത്. വിലാപയാത്രയില്‍ ആയിരക്കണക്കിന് ജനങ്ങൾ സൈനിക മേധാവിക്ക് പുഷ്പവൃഷ്ടി നടത്തി ആദരമർപ്പിച്ചു. വഴിയുടെ ഇരുവശങ്ങളിലും തിങ്ങിക്കൂടിയ ജനങ്ങള്‍ മുദ്രാവാക്യങ്ങൾ മുഴക്കി.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം ഡൽഹി കാമരാജ് മാർഗിലെ വസതിയിൽ ഇന്നു രാവിലെ 11. മുതൽ 12.30 വരെ പൊതുദർശനത്തിനു വച്ചു. 12.30 മുതൽ 1.30 വരെ സൈനികർ അന്തിമോപചാരം അർപ്പിച്ചു.
Leave a Reply