ന്യൂസ് ഡെസ്ക്
തകർന്നുവീണ മിഗ് 21 ഫൈറ്റർ ജെറ്റിന്റെ പൈലറ്റിനെ മാധ്യമങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ പ്രദർശിപ്പിച്ചത് അന്താരാഷ്ട മര്യാദകരുടെ ലംഘനമെന്ന് ഇന്ത്യ. ജനീവ കൺവൻഷന്റെയും മനുഷ്യാവകാശ ഉടമ്പടികളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാൻ പരിക്കേറ്റ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു. മുഖത്ത് രക്തമൊഴുകുന്ന നിലയിൽ കൈകളും കാലുകളും വിലങ്ങുകളണിയിച്ച ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അഭിനന്ദൻ വർത്തമാന്റെ കണ്ണുകൾ കെട്ടിയാണ് പാക് സൈനികർക്ക് ഇടയിൽ നിൽക്കുന്ന വീഡിയോയിൽ കാണുന്നത്.
രണ്ട് ഇന്ത്യൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാൻ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഒരാളേ മാത്രമേ തടവിലാക്കിയിട്ടുള്ളൂ എന്ന് പിന്നീട് തിരുത്തി. ഒരു പോറൽ പോലുമേൽപ്പിക്കാതെ തടവിലുള്ള ഇന്ത്യൻ സൈനികനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈനികൻ കസ്റ്റഡിയിലുള്ള കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കാത്ത നടപടിയെ ഇന്ത്യ വിമർശിച്ചു. പാക് ഹൈക്കമ്മീഷണറെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിയിൽ കനത്ത അമർഷം രേഖപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Leave a Reply