കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തളളി ഇന്ത്യ. കശ്മീര്‍ വിഷയത്തിൽ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരമൊരാവശ്യം ആരുടെ മുന്നിലും വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീര്‍ പ്രശ്നം ഇന്ത്യ- പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രം പരിഹരിക്കുമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ആ നിലപാടിന് മാറ്റമില്ല- രവീഷ്കുമാർ ട്വീറ്റ് ചെയ്തു. എന്നാൽ അത്തരം ഉഭയകക്ഷി ചർച്ചകൾ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കാതെ സാധ്യമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപുമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനാവുന്നതിന് സന്തോഷമേയുള്ളൂവെന്ന് മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
രണ്ടാഴ്ച മുൻപ് കണ്ടപ്പോൾ കാഷ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് ഇമ്രാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ മാസം ജപ്പാനിലെ ഒസാക്കയിൽ ജി-20 ഉച്ചകോടിക്കിടെയും മോദിയും ട്രംപും കണ്ടിരുന്നു. കാഷ്മീർ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ ഇതുവരെ അനുവദിച്ചിരുന്നില്ല.
Leave a Reply