ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രം മെഡിക്കല്‍ സംഘത്തെ അയക്കാനൊരുങ്ങുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകളും പ്രായമായവരും കുട്ടികളുമുള്‍പ്പെടെയുള്ള തടവുകാരുടെ ക്ഷേമം ഉറപ്പു വരുത്താനാണ് ഇത്തരത്തിലൊരു നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടന്നു വരുന്ന തര്‍ക്കങ്ങളില്‍ അയവു വരുത്താന്‍ പുതിയ നീക്കങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. 20 ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമായിരിക്കും പാകിസ്ഥാനിലെ ജയിലുകള്‍ സന്ദര്‍ശിക്കുക. ഈ മാസം ആദ്യവാരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സമവായ ചര്‍ച്ചകളില്‍ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയുണ്ടായിരുന്നു.

എന്നാല്‍ ഇത്രയധികം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദഗ്ദ്ധര്‍ക്കും പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ പാകിസ്ഥാനില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നാലിന നിര്‍ദേശങ്ങളും ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിലുള്ള തങ്ങളുടെ ഡിപ്ലോമാറ്റുകളും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. നയതന്ത്ര വിദഗ്ദ്ധരുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യന്‍ ഡിപ്ലോമാറ്റുകളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, ഇസ്ലാമാബാദിനും പുറത്തും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ്ക്ക് സഞ്ചാരം സ്വാതന്ത്രം അനുവദിക്കുക, ഇസ്ലാമാബാദില്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ കോപ്ലക്‌സ് പണിയുക, ഇസ്ലാമാബാദ് ക്ലബില്‍ നിന്നും ഇന്ത്യന്‍ ഡിപ്ലോമാറ്റുകളുടെ മെമ്പര്‍ഷിപ്പ് എടുത്തു കളഞ്ഞ നടപടി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ പാക് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെയും സര്‍ക്കാര്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചതായ പാക് വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സ്ത്രീകളും പ്രായമായവരും കുട്ടികളുമായ തടവുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കരിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ പാക് ഹൈക്കമ്മീഷ്ണര്‍ സുഹൈല്‍ മഹമൂദിനെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ക്ഷണിച്ചിരുന്നു. ഇക്കാര്യത്തോട് പാക് സര്‍ക്കാര്‍ അനുകൂല നിലപാടറിയിച്ചതായി ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഡിപ്ലോമാറ്റുകളെ അപമാനിച്ച സംഭവങ്ങള്‍ക്ക് മുന്‍പാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.