തൽക്കാലം സർക്കാർ രൂപവത്ക്കരിക്കാതെ പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ മുന്നണിയിൽ തീരുമാനമായെമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. മോദി നേതൃത്വം നൽകുന്ന ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ അതിശക്തമായ പ്രതിപക്ഷമായി ഇന്ത്യ സഖ്യം മുന്നോട്ടുപോകുമെന്ന് ഖാര്‍ഗെ പറഞ്ഞു.
‘ഭരണഘടന സംരക്ഷിക്കാനുള്ള ജനവിധിയാണ് ജനങ്ങൾ നൽകിയത്. ഇത് ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനും എതിരായ വിധിയെഴുത്താണ്. ബിജെപി ഭരണം തുടരരുത് എന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്ക്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു. കാത്തിരുന്ന് കാണാം എന്നായിരുന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിഞ്ഞെന്നാണ് യോഗത്തിലെ പൊതു വികാരം. വിവിധ കക്ഷികൾ വലിയ ആഹ്ലാദമാണ് യോഗത്തിൽ പ്രകടിപ്പിച്ചത്. ഖാര്‍ഗെയ്ക്കുപുറമേ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസില്‍നിന്ന് യോഗത്തില്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍, കല്‍പന സോറന്‍, എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, അഭിഷേക് ബാനര്‍ജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമര്‍ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി. രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ജി. ദേവരാജന്‍, ജോസ് കെ. മാണി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതിനിടെ, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിൽ എൻഡിഎ സഖ്യകക്ഷികളും യോഗം ചേർന്നിരുന്നു. എൻഡിഎ സഖ്യകക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നാണ് യോഗത്തിലെ തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകീട്ടോടെയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ജെഡിയു നേതാക്കളായ ലല്ലൻ സിങ്, സഞ്ജയ് ഝാ തുടങ്ങിയവർ പങ്കെടുത്തു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എൻഡിഎ സഖ്യകക്ഷികൾ ബുധനാഴ്ചതന്നെ രാഷ്ട്രപതി ദ്രൗപതി മുർവിനെ കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, ഏഴാംതീയതി കണ്ടാൽ മതിയെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. സഖ്യസർക്കാരിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നഡ്ഡ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
Leave a Reply