ന്യൂഡൽഹി∙ ‘ഇന്ത്യൻ ചാരൻ’ എന്നാരോപിച്ച് 2016 മാർച്ചിൽ പാക്കിസ്ഥാൻ പിടികൂടിയ കുൽഭൂഷൺ ജാദവിനു വധശിക്ഷ പ്രഖ്യാപിച്ച നടപടിയിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. വധശിക്ഷ നടപ്പാക്കിയാൽ അത് സാമാന്യനീതിയുടെ ലംഘനമാകുമെന്ന് ഇന്ത്യ അറിയിച്ചു. കുൽഭൂഷണെതിരായ നടപടി അപഹാസ്യമാണ്. അടിസ്ഥാന നിയമവും നീതിയും കണക്കിലെടുത്തില്ലെങ്കിൽ വധശിക്ഷ കൊലപാതകത്തിനു സമാനമായി കണക്കാക്കും. കുൽഭൂഷണെതിരെ വിചാരണ നടത്തുന്ന വിവരം ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചിരുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ, ബുധനാഴ്ച വിട്ടയ്ക്കാനിരുന്ന 12 പാക്ക് പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി.
ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പാക്ക് സൈനിക കോടതിയാണ് കുൽഭൂഷണിന് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ പിടികൂടിയത്. 2003 മുതൽ ഇറാനിലെ ചാബഹറിൽ കച്ചവടം നടത്തിവന്ന ജാദവ് പാക്കിസ്ഥാനിലേക്കു പോകും വഴിയാണു പാക്ക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. കുൽഭുഷൺ ജാദവിന്റെ പേരിൽ ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിരുന്നു.
Leave a Reply