ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ റെഡ് ഫോർട്ടിനടുത്ത് തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ ഭീകര സ്ഫോടനത്തിൽ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന്, അന്വേഷണം വൻതോതിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. മെട്രോ സ്റ്റേഷനു സമീപം സിഗ്നലിൽ നിൽക്കുകയായിരുന്ന കാർ പെട്ടെന്നു പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനോടൊപ്പം സമീപ വാഹനങ്ങൾക്കും തീപിടിച്ചു. പരിസരം മുഴുവൻ കനത്ത പുകയും തീയും നിറഞ്ഞ അവസ്ഥയായിരുന്നു. സ്ഫോടനത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്, ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ പോലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ലോക്ക് നായക് ആശുപത്രിയിലേക്കും മറ്റ് സർക്കാർ ആശുപത്രികളിലേക്കും മാറ്റി. ആശുപത്രികൾക്ക് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേശീയ സുരക്ഷാ ഗാർഡിന്റെ ബോംബ് ഡിസ്പോസൽ യൂണിറ്റും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന ആരംഭിച്ചു. കാറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച സാമ്പിളുകൾ വിശദമായി പരിശോധിക്കാനായി അയച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ കാറിന്റെ യാത്രാമാർഗവും ഉടമസ്ഥാവകാശവും കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ വരുകയാണ് . സ്ഫോടനത്തിന് മുമ്പ് കാർ സമീപ പാർക്കിംഗിൽ മണിക്കൂറുകളോളം നിൽക്കുകയായിരുന്നുവെന്ന റിപ്പോർട്ടും ഉയർന്നിട്ടുണ്ട്. എങ്കിലും അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാത്രി തന്നെ ആശുപത്രിയും സ്ഫോടനസ്ഥലവും സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കാൻ ചൊവ്വാഴ്ച രാവിലെ ആഭ്യന്തര മന്ത്രാലയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള അതിർത്തികളിൽ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇൻദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനുകളിലും ചരിത്രസ്മാരകങ്ങളിലും ഹൈ അലർട്ട് പ്രഖ്യാപിച്ചു. ഗതാഗത പരിശോധന കർശനമായതോടെ നഗരത്തിന്റെ പ്രധാന പാതകളിൽ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട് . യാത്രക്കാരും വിനോദസഞ്ചാരികളും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. അധികൃതർ ജനങ്ങളോട് അനാവശ്യമായ യാത്രകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്തു. പൊലീസ് അന്വേഷണം അവസാന ഘട്ടത്തിൽ എത്തുന്നതുവരെ നഗരത്തിൽ നിരീക്ഷണം ശക്തമായി തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.